പത്തനംതിട്ട : പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം തമിഴ്നാട്ടില്‍ തെളിവെടുപ്പിനായി എത്തിയ അന്വേഷണ സംഘം മുഖ്യപ്രതി റോയിയുമായി ആന്ധ്രയിലേക്ക് തിരിക്കും. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ വസ്തുക്കള്‍ വാങ്ങിയിട്ടുണ്ടെന്നു പ്രതി സമ്മതിച്ചു. നിക്ഷേപകരില്‍ വലിയൊരു വിഭാഗം ആളുകളുടെയും പണം ഇവര്‍ വാങ്ങിയ ശേഷം ഭൂമി ഇടപാടിനായി വിനിയോഗിച്ചിട്ടുണ്ടെന്നാണ് ഇതുവരെയുള്ള കണ്ടെത്തല്‍. തമിഴ്നാട്ടില്‍ മാത്രം നാല് ഇടങ്ങളില്‍ ഇവര്‍ക്ക് ഭൂമി ഉണ്ട്. ആന്ധ്രയില്‍ ചെമ്മീന്‍ കൃഷിയുമായി ബന്ധപ്പെട്ട് രണ്ട് കോടി രൂപയുടെ ഭൂമി അടുത്തിടെ വാങ്ങിയിരുന്നു. തമിഴ്നാട്ടില്‍ എത്തിയ അന്വേഷണ സംഘം തമിഴ്നാട്ടിലെ അന്വേഷണം രണ്ട് ദിവസം കൊണ്ട് പൂര്‍ത്തിയാക്കിയ ശേഷം ആന്ധ്രയിലേക്ക് പോകും.
വിവിധയിടങ്ങളിലെ വസ്തുക്കള്‍, മറ്റ് സാമ്പത്തിക ഇടപാടുകള്‍, എല്‍.എല്‍.പി കമ്പിനികളുടെ വിവരം എന്നിവയാണ് ശേഖരിക്കുന്നത്. രേഖകള്‍ക്കൊപ്പം വസ്തുവകകള്‍കൂടി കണ്ടെത്താനാണ് റോയി ഡാനിയേലിനെ കൊണ്ടുപോയിരിക്കുന്നത്. ഓരോ ദിവസം കഴിയുംതോറും കൂടുതല്‍ പേര്‍ പരാതികളുമായി മുന്നോട്ട് വരുന്നുണ്ട്. ആന്ധ്ര, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലും കൂടുതല്‍ പേര്‍ പരാതിയുമായി എത്തിയിട്ടുണ്ട്. ബംഗളൂരുവില്‍ മാത്രം ഇതിനകം മുന്നൂറിലേറെ പരാതി ലഭിച്ചിട്ടുണ്ട്.
പലര്‍ക്കും വലിയ തുകയുടെ നിക്ഷേപങ്ങളുണ്ട്. ബംഗളൂരുവില്‍ മലയാളികളുടെ പണവും നഷ്ടപ്പെട്ടിട്ടുണ്ട്. പണയ ഇടപാടുകളും വലിയതോതില്‍ നടന്നിട്ടുണ്ട്. തട്ടിപ്പില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാണ്. ഫിനാന്‍സ് സ്ഥാപനത്തിന്റെ ശാഖകള്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥലങ്ങളില്‍ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന ആവശ്യവും ശക്തം. പോപ്പുലര്‍ ഫിനാന്‍സ് ഉടമകളുടെ പേരില്‍ വിദേശരാജ്യങ്ങളിലുള്‍പ്പെടെ രഹസ്യ ബാങ്ക് അക്കൗണ്ടുകളും ആസ്തികളും ഉണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണിത്. സംസ്ഥാനത്തു നടന്ന ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പുകളില്‍ ഒന്നാണിതെന്നാണ് അന്വേഷണസംഘത്തിന്റെ പ്രാഥമിക വിലയിരുത്തല്‍. കുറഞ്ഞത് 75,000 നിക്ഷേപകര്‍ ഉള്ളതായാണ് വിവരം. ഇതില്‍ ചെറിയൊരു ഭാഗം മാത്രമേ പരാതി നല്‍കിയിട്ടുള്ളൂ. നിക്ഷേപത്തിന്റെ മൊത്തം കണക്കു ലഭിച്ചാല്‍ 2000 മുതല്‍ 4000 കോടിയുടെ വരെ നിക്ഷേപ തട്ടിപ്പുണ്ടാകാമെന്നാണ് വിലയിരുത്തല്‍.