ന്യൂഡൽഹി : കൊറോണ വൈറസ് രോഗം പടരുന്നത് തടയാൻ കൂടുതൽ പ്രതിരോധ നടപടികൾ പ്രഖ്യാപിച്ച് ഡല്‍ഹി സർക്കാർ. തലസ്ഥാനത്ത് ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ) പോലുള്ള വമ്പന്‍ ജനപങ്കാളിത്തമുള്ള മത്സരങ്ങൾ നിരോധിക്കുമെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചു. ജനങ്ങള്‍ വന്‍തോതില്‍ ഒത്തുകൂടുന്ന ഐ.പി.എൽ പോലുള്ള കായിക മത്സരങ്ങള്‍ ഇപ്പോള്‍ നടത്തേണ്ടതില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചതായി അദ്ദേഹം വ്യക്തമാക്കി. കൊറോണ വൈറസ് പടരുന്നത് തടയാൻ സാമൂഹികതലത്തില്‍ അകലം പാലിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
200 പേരില്‍ കൂടുതല്‍ ഒത്തുകൂടുന്ന തരത്തിലുള്ള സെമിനാറുകളോ കോൺഫറൻസുകളോ മറ്റു പരിപാടികളോ ഡല്‍ഹിയില്‍ അനുവദിക്കില്ലെന്ന് സിസോദിയ പറഞ്ഞു. ഈ സമയത്ത് ഏറ്റവും വലിയ പരിഹാരം സാമൂഹിക അകലം പാലിക്കുകയാണ്. നഗരത്തിലുടനീളം സർക്കാർ ഉത്തരവുകൾ കർശനമായി പാലിക്കുന്നുണ്ടെന്ന് എല്ലാ ജില്ലാ മജിസ്‌ട്രേറ്റുകളും എസ്.ഡി.എമ്മുകളും ഉറപ്പാക്കണമെന്നും ഉപമുഖ്യമന്ത്രി ആവശ്യപ്പെട്ടു. മാർച്ച് 31 വരെ ഡല്‍ഹി സർക്കാർ ദേശീയ തലസ്ഥാനത്തെ എല്ലാ സിനിമാ തീയറ്ററുകളും അടച്ചിടാന്‍ ഉത്തരവിട്ട് ഒരു ദിവസത്തിന് ശേഷമാണ് കായിക മത്സരങ്ങള്‍ വിലക്കുന്നത് സംബന്ധിച്ച് തീരുമാനമായത്.
കൊറോണ വൈറസിനെ ഒരു പകർച്ചവ്യാധിയായി ഡല്‍ഹി സർക്കാർ പ്രഖ്യാപിച്ചുകഴിഞ്ഞു. ഇതിനെ പ്രതിരോധിക്കാന്‍ നാം വളരെയധികം ജാഗ്രത പാലിക്കേണ്ടതുണ്ട്. ഡല്‍ഹിയിലെ എല്ലാ സിനിമാ ഹാളുകളും സ്കൂളുകളും കോളജുകളും മാർച്ച് 31 വരെ അടച്ചിടുമെങ്കിലും പരീക്ഷകൾ നിശ്ചയിച്ചതു പോലെ നടക്കും. പൊതുസമ്മേളനങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ ജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ വ്യാഴാഴ്ച ചർച്ച നടത്തിയ നിർണായക യോഗത്തിന് ശേഷം പറഞ്ഞിരുന്നു.