ജറുസലേം: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മകന്‍ യായിര്‍ നെതന്യാഹുവിനെ വധിക്കാന്‍ ഇറാന്‍ ഗൂഢാലോചന നടത്തിയെന്ന് പ്രധാനമന്ത്രി തന്നെ സ്ഥിരീകരിച്ചു. ചാനല്‍ 14ന് നല്‍കിയ ഫോണ്‍ അഭിമുഖത്തിലാണ് നെതന്യാഹുവിന്റെ വെളിപ്പെടുത്തല്‍. “ഇറാന്‍ എന്റെ മക്കളില്‍ ഒരാളെ ലക്ഷ്യമിട്ടു. എന്റെ മകനെ കൊല്ലാന്‍ ഇറാന്‍ ശ്രമിച്ചു,” നെതന്യാഹു പറഞ്ഞു. സുരക്ഷാ നടപടികള്‍ സ്വീകരിച്ചില്ലായിരുന്നെങ്കില്‍ തന്റെ മകന്‍ കൊല്ലപ്പെടുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
35കാരനായ യായിര്‍ നെതന്യാഹു വര്‍ഷങ്ങളായി താമസിച്ചിരുന്ന അമേരിക്കയിലെ ഫ്ലോറിഡയിലെ മിയാമിയില്‍ വെച്ചായിരുന്നു സംഭവം. കഴിഞ്ഞ ഡിസംബറില്‍ ഇറാന്‍ ഏജന്റുമാര്‍ യായിറിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചിരുന്നതായി യുഎസ് മാധ്യമമായ ന്യൂസ്മാക്‌സ്, യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംഭവം മുന്‍കൂട്ടി കണ്ടെത്തിയ ഇസ്രയേല്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ഉടന്‍ ഫ്ലോറിഡ വിട്ട് ഇസ്രയേലിലേക്ക് മടങ്ങാന്‍ യായിറിന് നിര്‍ദേശം നല്‍കി.
സ്വന്തം വസ്തുവകകള്‍ പോലും ശേഖരിക്കാതെയാണ് യായിര്‍ തിടുക്കത്തില്‍ യാത്ര തിരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഡിസംബര്‍ മുതല്‍ യായിര്‍ ഇസ്രയേലില്‍ തുടരുകയാണ്. 2023ലെ ഗാസ സംഘര്‍ഷകാലത്ത് യായിര്‍ നെതന്യാഹു ദീര്‍ഘകാലം അമേരിക്കയില്‍ തുടര്‍ന്നത് ഇസ്രയേലില്‍ വിവാദമായിരുന്നു. ആയിരക്കണക്കിന് പേര്‍ റിസര്‍വ് സേനയില്‍ സേവനമനുഷ്ഠിക്കുമ്പോള്‍ പ്രധാനമന്ത്രിയുടെ മകന്‍ വിദേശത്ത് തുടര്‍ന്നതെന്തിനെന്ന് വിമര്‍ശകര്‍ ചോദ്യം ചെയ്തിരുന്നു.
































