ന്യൂഡൽഹി: രാജ്യത്ത് എച്ച്1എൻ1 (സ്വൈൻ ഫ്ലൂ) കേസുകൾ വർധിക്കുന്നതായി റിപ്പോർട്ട്. ദില്ലിയിൽ മാത്രം 1,770ലധികം സ്ഥിരീകരിച്ച കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മഹാരാഷ്ട്ര, കർണാടക, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലും കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) വ്യക്തമാക്കി. വൈറസിന്റെ പുതിയ വകഭേദങ്ങളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും ഭൂരിഭാഗം കേസുകളും സ്വാഭാവികമായി ഭേദമാകുന്നവയാണെന്നും ഐഎംഎ ചൂണ്ടിക്കാട്ടി.
പെട്ടെന്നുള്ള പനിയും വിറയലും, വരണ്ട ചുമ, തൊണ്ടവേദന, തലവേദന, കടുത്ത ശരീരവേദനയും ക്ഷീണവും, മൂക്കടപ്പും സ്രവവും എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. കുട്ടികളിൽ ഛർദിയും വയറിളക്കവും കാണപ്പെടാമെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു. കൈകൾ സോപ്പ് ഉപയോഗിച്ച് 20 സെക്കൻഡെങ്കിലും കഴുകുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ടിഷ്യു ഉപയോഗിക്കുകയോ കൈമുട്ട് കൊണ്ട് മൂടുകയോ ചെയ്യുക, ജനത്തിരക്കുള്ള സ്ഥലങ്ങളിൽ മാസ്ക് ധരിക്കുക എന്നിവ പാലിക്കണമെന്ന് ഐഎംഎ ആവശ്യപ്പെട്ടു. പനി മാറി 24 മണിക്കൂറിനുള്ളിൽ ജോലിക്കോ സ്കൂളിനോ പോകരുതെന്നും നിർദേശമുണ്ട്. ഗർഭിണികൾ, പ്രായമായവർ, പ്രതിരോധശേഷി കുറഞ്ഞവർ, ആരോഗ്യപ്രവർത്തകർ എന്നിവർ വാക്സിൻ എടുക്കണമെന്നും ഐഎംഎ നിർദേശിച്ചു.
അസിത്രോമൈസിൻ, അമോക്സിസില്ലിൻ തുടങ്ങിയ ആന്റിബയോട്ടിക്കുകൾ ഡോക്ടറുടെ നിർദേശമില്ലാതെ സ്വയം കഴിക്കുന്നത് ഫലപ്രദമല്ലെന്നും ഇത് ആന്റിബയോട്ടിക് പ്രതിരോധശേഷി വർധിപ്പിക്കുമെന്നും ഐഎംഎ മുന്നറിയിപ്പ് നൽകി. ശ്വാസതടസ്സം, നെഞ്ചുവേദന, ചുണ്ടുകൾക്കും വിരലുകൾക്കും നീലനിറം, രക്തം കലർന്ന ചുമ, അമിതമായ മയക്കം എന്നീ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യസഹായം തേടണമെന്നും ഐഎംഎ അറിയിച്ചു.
































