കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് ഓർഗാനിക് പ്രോഡക്ട്സ് മാലിന്യ സംസ്കരണ പ്ലാന്റ് 2027 മാര്‍ച്ച് 31നകം അടച്ചുപൂട്ടും. ദീർഘകാലമായി പ്രദേശവാസികളുടെ പ്രതിഷേധത്തിന് ഇടയാക്കിയ പ്ലാന്റ് പൂർണമായും പൂട്ടി ജനവാസമേഖലയല്ലാത്ത അനുയോജ്യമായ സ്ഥലത്തേക്ക് മാറ്റാൻ രേഖാമൂലം ഉറപ്പ് ലഭിച്ചതായി സമര സമിതി ചെയർമാൻ ബാബു കുടുക്കിൽ അറിയിച്ചു. മാലിന്യം സംസ്കരിക്കുന്നതിനിടെ ഉണ്ടാകുന്ന ദുർഗന്ധവും സമീപത്തെ ഇരുവഞ്ഞിപ്പുഴയിൽ മലിനജലം ഒഴുക്കിവിടുന്നെന്ന ആരോപണവുമാണ് പ്രദേശവാസികളെ പ്രതിഷേധത്തിലേക്ക് നയിച്ചത്. മൂന്ന് പഞ്ചായത്തുകളിലായി ഏകദേശം 4,000ത്തോളം കുടുംബങ്ങളെ പ്ലാന്റിന്റെ പ്രവർത്തനം ബാധിക്കുന്നുണ്ടെന്നാണ് നാട്ടുകാരുടെ പരാതി.
2019ലാണ് പ്ലാന്റ് പ്രവർത്തനം ആരംഭിച്ചത്. 2021 ഒക്ടോബറിൽ പ്രതിഷേധക്കാരും പോലീസും തമ്മിൽ വൻ ഏറ്റുമുട്ടൽ ഉണ്ടായിരുന്നു. അന്ന് പ്രതിഷേധക്കാർ കമ്പനി വാഹനങ്ങൾക്ക് നേരെ കല്ലേറും തീവെയ്പും നടത്തിയിരുന്നു. സംഭവത്തിൽ കമ്പനിക്കും സമര പ്രവർത്തകർക്കും എതിരെ നിരവധി കേസുകൾ നിലവിലുണ്ട്. ഓഗസ്റ്റ് 8ന് പ്രദേശത്തെ എംഎൽഎമാരുമായും ഓഗസ്റ്റ് 19ന് സംസ്ഥാന വ്യവസായ മന്ത്രിയുമായും നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് പ്ലാന്റ് അടച്ചുപൂട്ടാനുള്ള തീരുമാനം. ദുർഗന്ധ നിയന്ത്രണ സംവിധാനങ്ങളോടെ പ്രതിദിനം 25 ടൺ മാലിന്യം മാത്രം സംസ്കരിക്കുന്ന നിലയിൽ ഓഗസ്റ്റ് 27 മുതൽ പ്ലാന്‍റിന് താൽക്കാലിക പ്രവർത്തനാനുമതി നൽകിയിട്ടുണ്ട്. ഇരുഭാഗത്തെയും കേസുകൾ പിൻവലിക്കുന്നത് ഉൾപ്പെടെയുള്ള വ്യവസ്ഥകളാണ് ധാരണയിലുള്ളത്.






























