കൊച്ചി : സമുദ്രമത്സ്യ ഗവേഷണം, സുസ്ഥിര മത്സ്യബന്ധനം, സമുദ്രകൃഷി (മാരികൾച്ചർ) തുടങ്ങിയ മേഖലകളിൽ ഇന്ത്യയുമായി സഹകരണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി സെയ്‌ഷെൽസിൽ നിന്നുള്ള ഉന്നതതല പ്രതിനിധി സംഘം കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ) സന്ദർശിച്ചു. സെയ്‌ഷെൽസ് ഫിഷറീസ്, കാർഷിക, ബ്ലൂ ഇക്കോണമി മന്ത്രി വാലസ് കോസ്‌ഗ്രോയുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് സി.എം.എഫ്.ആർ.ഐ യിലെത്തിയത്. കാലാവസ്ഥാ വ്യതിയാന പഠനങ്ങൾ, ഫിഷ് സ്റ്റോക്ക് അസസ്‌മെന്റ്, കടൽ പായലിൽ നിന്നുള്ള മൂല്യവർധിത ഉൽപാദനം, അലങ്കാരമത്സ്യ പ്രജനനം, ട്യൂണ മത്സ്യബന്ധനം, മാരികൾച്ചർ എന്നീ മേഖലകളിൽ സി.എം.എഫ്.ആർ.ഐ വികസിപ്പിച്ച സാങ്കേതിക വിദ്യകളും ഗവേഷണ പ്രവർത്തനങ്ങളും പ്രതിനിധിസംഘം വിലയിരുത്തി.
കാർഷിക അനുബന്ധ മേഖലകളിൽ ഇന്ത്യയുമായി സഹകരണം ലക്ഷ്യമിട്ട് കേന്ദ്ര സർക്കാരുമായും ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലുമായും ധാരണാപത്രത്തിൽ ഒപ്പുവെച്ചിട്ടുണ്ടെന്ന് മന്ത്രി വാലസ് കോസ്‌ഗ്രോ വ്യക്തമാക്കി. ഇതിന്റെ ഭാഗമായാണ് സി.എം.എഫ്.ആർ.ഐ യില്‍ സന്ദർശനം നടത്തിയത്. സി.എം.എഫ്.ആർ.ഐ ഡയറക്ടർ ഡോ.ഗ്രിൻസൺ ജോർജ്ജ് സ്ഥാപനത്തിന്റെ ഗവേഷണ പുരോഗതികളും സാങ്കേതിക നേട്ടങ്ങളും സംഘത്തോട് വിശദീകരിച്ചു. സി.എം.എഫ്.ആർ.ഐ വികസിപ്പിച്ച ഡിജിറ്റൽ വിവരശേഖരണ കേന്ദ്രവും ആധുനിക സ്റ്റോക് അസസ്‌മെന്റ് രീതികളും സംഘം വിലയിരുത്തി.
സുസ്ഥിര മത്സ്യബന്ധനവും ചെറുകിട മത്സ്യത്തൊഴിലാളികളുടെ ഉപജീവനവും തമ്മിൽ സന്തുലിതാവസ്ഥ ഉറപ്പാക്കുന്ന ഇന്ത്യയുടെ നയരൂപീകരണ രീതികളെക്കുറിച്ചും സംഘം ചോദിച്ചറിഞ്ഞു. സാങ്കേതിക വിജ്ഞാന കൈമാറ്റം, നൈപുണ്യ ശേഷി വികസനം, സംയുക്ത ഗവേഷണങ്ങൾ എന്നിവയിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണ സാധ്യതകൾ യോഗം വിലയിരുത്തി. ഉന്നത ഫിഷറീസ്, നയരൂപീകരണ ഉദ്യോഗസ്ഥരും സെയ്‌ഷെൽസ് പ്രതിനിധികളും സംഘത്തിലുണ്ടായിരുന്നു. സി.എം.എഫ്.ആർ.ഐ ശാസ്ത്രജ്ഞരും വകുപ്പ് മേധാവികളും ചർച്ചയിൽ പങ്കെടുത്തു.































