അബുദാബി: ഇറാൻ – അമേരിക്ക ബന്ധം മോശമായ സാഹചര്യത്തിൽ രാഷ്ട്രീയ പരിഹാരമുണ്ടാവണമെന്ന് യുഎഇ ആവശ്യപ്പെട്ടു. ഇറാഖിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ഇറാന്‍ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് യുഎഇ ഔദ്യോഗിക പ്രതികരണം നടത്തിയത്. മേഖലയിലെ ഇപ്പോഴത്തെ പ്രശ്നബാധിത സ്ഥിതിയില്‍ മാറ്റമുണ്ടാവേണ്ടത് അത്യാവശ്യമാണെന്ന് യുഎഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ഡോ. അന്‍വര്‍ ഗര്‍ഗാഷ് പറഞ്ഞു.
പ്രശ്നങ്ങൾക്ക് അയവുവരുത്തുകയാണ് അത്യാവശ്യം. സ്ഥിരതയ്ക്കായുള്ള രാഷ്ട്രീയ പരിഹാരമുണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഗള്‍ഫ് മേഖലയുടെ സുരക്ഷയും സമാധാനവും ഉറപ്പുവരുത്താന്‍ പരിശ്രമിക്കണമെന്ന് സൗദി മന്ത്രിസഭ കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നു. മേഖലയുടെ ഇപ്പോഴത്തെ സ്ഥിതി കൂടുതല്‍ വഷളാക്കുന്ന നടപടികളില്‍ നിന്നും പിന്മാറണമെന്നും സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ റിയാദിലെ അല്‍ യമാമ കൊട്ടാരത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗം ആവശ്യപ്പെട്ടു.