ന്യൂഡൽഹി :ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് സിപ്ല ഫാർമ ആൻഡ് ലൈഫ് സയൻസസിന്റെ പുണെയിലെ വാഡ്കി കാരി ആൻഡ് ഫോർവേഡിങ് യൂണിറ്റിന്റെ മരുന്ന് വിൽപ്പന ലൈസൻസുകൾ മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ റദ്ദാക്കി. ഓഗസ്റ്റ് 27 മുതലാണ് ലൈസൻസ് റദ്ദാക്കിയത്. റീയാക്ടിൻ പ്ലസ് ഗുളികകളുമായി ബന്ധപ്പെട്ട പരിശോധനയിലാണ് പ്രധാന ക്രമക്കേടുകൾ കണ്ടെത്തിയത്.ജൂണിൽ കമ്പനിയുടെ പ്രധാന വെയർഹൗസിൽ നടത്തിയ പരിശോധനയിലാണ് റീയാക്ടിൻ പ്ലസിന്റെ പാക്കറ്റിൽ അനുമതിയില്ലാത്ത പ്രചാരണ വാചകങ്ങൾ കണ്ടെത്തിയത്. ഷെഡ്യൂൾ എച്ച് വിഭാഗത്തിൽപ്പെടുന്ന കുറിപ്പടി മരുന്നാണ് റീയാക്ടിൻ പ്ലസ്.
തുടർന്ന് ഏകദേശം 11.19 ലക്ഷം രൂപയുടെ മരുന്നുകൾ പിടിച്ചെടുക്കുകയും വിപണിയിൽനിന്ന് തിരിച്ചുവിളിക്കാൻ നിർദേശിക്കുകയും ചെയ്തു. എന്നാൽ തിരിച്ചുവിളിക്കൽ നിർദേശങ്ങൾ പൂർണമായി പാലിച്ചില്ലെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്.തുടർന്നുള്ള പരിശോധനയിൽ കമ്പ്യൂട്ടർ രേഖകളിലെ സ്റ്റോക്കും യഥാർഥ സ്റ്റോക്കും തമ്മിൽ വ്യത്യാസമുണ്ടെന്നും വാങ്ങൽ-വിൽപ്പന രേഖകളിൽ പൊരുത്തക്കേടുകളുണ്ടെന്നും കണ്ടെത്തി. മരുന്നുകൾ നേരിട്ട് തറയിൽ സൂക്ഷിച്ചതായും ആവശ്യമായ പാലറ്റുകളും റാക്കുകളും മതിയായ രീതിയിൽ ഒരുക്കിയിട്ടില്ലെന്നും കാലാവധി കഴിഞ്ഞ മരുന്നുകൾ കൈകാര്യം ചെയ്യുന്നതിലെ രേഖകളിലും നടപടിക്രമങ്ങളിലും വീഴ്ചയുണ്ടെന്നും അധികൃതർ കണ്ടെത്തി.
ഇതിന്റെ അടിസ്ഥാനത്തിൽ ലൈസൻസ് ഉടമയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. വിശദീകരണം പരിശോധിച്ച ശേഷമാണ് ലൈസൻസ് റദ്ദാക്കിയത്.ഷെഡ്യൂൾ എച്ച് മരുന്നുകളുടെ പരസ്യം, വിൽപ്പന, സംഭരണം, വിതരണം എന്നിവയിൽ നിയമലംഘനം അനുവദിക്കില്ലെന്ന് മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ കമ്മിഷണർ തുക്കാറാം മുണ്ടെ വ്യക്തമാക്കി. മരുന്നുകളുടെ സുരക്ഷയും പൊതുജനാരോഗ്യവും ബാധിക്കുന്ന നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി തുടരുമെന്നും അദ്ദേഹം അറിയിച്ചു.































