84 വയസായില്ലേ… ഇനി സങ്കീർത്തനമൊക്കെ വായിച്ച് വീട്ടിലിരിക്ക് ; പി.ജെ കുര്യനെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് കോന്നി ബ്ലോക്ക്‌ ജനറല്‍ സെക്രട്ടറി മനീഷ് മുറിഞ്ഞകല്‍

For full experience, Download our mobile application:
Get it on Google Play

ദയവായി ഇനിയും കോലിട്ട് ഇളക്കി ഈ പ്രസ്ഥാനത്തെ നശിപ്പിക്കരുത്. അതിനു ശ്രമിച്ചാൽ താങ്കൾ കഴിവില്ല എന്ന് പറഞ്ഞ ഈ യുവജനത വഴിയിൽ കാണും

പത്തനംതിട്ട : യൂത്ത് കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിക്കുകയും എസ്.എഫ്.ഐ യെ പ്രകീര്‍ത്തിക്കുകയും ചെയ്ത പ്രൊഫ.പി.ജെ.കുര്യനെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. സോഷ്യല്‍ മീഡിയകളില്‍ ശക്തമായ പ്രതിഷേധവും രൂക്ഷമായ പ്രതികരണങ്ങളുമാണ് പി.ജെ.കുര്യനെതിരെ. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും ലഭിക്കാവുന്നതിലും കൂടുതല്‍ ആനുകൂല്യങ്ങളും പദവികളും അനുഭവിച്ചിട്ടുള്ള പി.ജെ കുര്യന്റെ ഇപ്പോഴത്തെ നടപടിക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കുന്നു. പഴയ സൂര്യനെല്ലി കേസും പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇത് ചുമന്നതുമൊന്നും ഈ വയസ്സാന്‍ കാലത്ത് മറക്കരുതെന്നും ചിലര്‍ ഓര്‍മ്മിപ്പിക്കുന്നു.

അടൂര്‍ പ്രകാശിനെ കോന്നിയില്‍ നിന്നും പറിച്ചെറിഞ്ഞതിന്റെ പിന്നില്‍ പി.ജെ കുര്യന്റെ കരങ്ങള്‍ ആയിരുന്നു. കോന്നിയില്‍ സ്വാധീനം ഉറപ്പിച്ച അടൂര്‍ പ്രകാശിനെ ഇനിയും മുമ്പോട്ടുവിട്ടാല്‍ അത് ശരിയാകില്ല എന്ന തോന്നലിലാണ് ആറ്റിങ്ങല്‍ എന്ന ഇടതു കോട്ടയിലേക്ക് അദ്ദേഹത്തെ തള്ളിവിട്ടത്. അവിടെ തോറ്റ് തുന്നം പാടിയാല്‍ പാര്‍ട്ടിയില്‍ അടൂര്‍ പ്രകാശിന്റെ സ്വാധീനം നഷ്ടപ്പെടുമെന്നായിരുന്നു പി.ജെ കുര്യന്റെ കണക്കുകൂട്ടല്‍. എന്നാല്‍ വര്‍ഷങ്ങളായി ചുവപ്പണിഞ്ഞ ആറ്റിങ്ങലില്‍ ത്രിവര്‍ണ്ണ പതാക പാറിക്കളിപ്പിച്ചുകൊണ്ടായിരുന്നു രാഷ്ട്രീയ തന്ത്രശാലിയായ അടൂര്‍ പ്രകാശ് മറുപടി നല്‍കിയത്.

രാജ്യസഭാ ഉപാധ്യക്ഷന്‍ എന്ന ഉന്നത പദവി പാര്‍ട്ടി നല്‍കിയതാണെന്നു മറന്നുകൊണ്ട് ഇടക്കാലത്ത് ബി.ജെ.പി ബാന്ധവത്തിനും ഇദ്ദേഹം ശ്രമിച്ചിരുന്നു. കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ മാന്യമായ ഒരു സ്ഥാനം പി.ജെ കുര്യന് ഉണ്ടായിരുന്നു. ജില്ലയിലെ മുതിര്‍ന്ന നേതാവ് എന്ന പരിഗണനയും ഇദ്ദേഹത്തിന് ലഭിച്ചിരുന്നു. ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഭയഭക്തി ബഹുമാനങ്ങളോടെയായിരുന്നു പി.ജെ കുര്യനെ സ്വീകരിച്ചിരുന്നത്. എന്നാല്‍ പുതുതലമുറയില്‍പ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പി.ജെ കുര്യനോട് പ്രത്യേകിച്ച് ഒരു മമതയും തോന്നിയിരുന്നില്ല. പി.ജെ കുര്യനെ തൊഴാനും കാലുതിരുമ്മുവാനും ഇവര്‍ ആരും തയ്യാറായിരുന്നില്ല. മുതിര്‍ന്ന നേതാക്കള്‍ക്ക് മാത്രമായിരുന്നു പി.ജെ കുര്യനെ ആവശ്യം. സ്ഥാനമാനങ്ങളും പദവികളും ലഭിക്കാന്‍ പി.ജെ.കുര്യന്റെ സഹായം ഇവര്‍ക്കൊക്കെ ആവശ്യമായിരുന്നു. പാര്‍ട്ടിയില്‍ പി.ജെ കുര്യനുപിന്നില്‍ അണികള്‍ ഉണ്ടായിരുന്നില്ല. കുറച്ചു നേതാക്കള്‍ മാത്രമായിരുന്നു ഇദ്ദേഹത്തോടൊപ്പം. കോണ്‍ഗ്രസിലെ യുവനിര തന്നെ അംഗീകരിക്കുന്നില്ലെന്നും ഗൌനിക്കുന്നില്ലെന്നുമുള്ള തിരിച്ചറിവാണ് പി.ജെ കുര്യന്റെ ഇപ്പോഴത്തെ പ്രതികരണത്തിനു പിന്നില്‍.

യൂത്ത് കോണ്‍ഗ്രസ് കോന്നി ബ്ലോക്ക് ജനറല്‍ സെക്രട്ടറി മനീഷ് മുറിഞ്ഞകല്‍ രൂക്ഷമായ പ്രതികരണവുമായി ഫെയിസ് ബുക്കില്‍ തന്റെ പ്രതിഷേധം രേഖപ്പെടുത്തി. പോസ്റ്റ് ഇങ്ങനെ :-

പ്രിയ കുര്യൻ സാർ (അതല്ല വിളിക്കേണ്ടത്).
താങ്കളുടെ പ്രസംഗം കേട്ടതിന്റെ വെളിച്ചത്തിൽ പാർട്ടിയെ ഇഷ്ടപ്പെടുന്ന എനിക്ക് പറയാനുള്ളത് ഇവിടെ കുറിച്ചോട്ടെ. ഡൽഹിലെ തണുപ്പിന്റെ സുഖത്തിൽ ജീവിച്ച കാലത്തു സ്വന്തം മണ്ഡലത്തിലെ വോട്ട് ചെയ്യുന്ന ബൂത്തിൽ 25 ചെറുപ്പക്കാരെ കൂട്ടാൻ ബഹുമാനപ്പെട്ട കുര്യൻ സാർ ശ്രമിച്ചിട്ടുണ്ടോ. കോൺഗ്രസിന് വേണ്ടി കരുണാകരൻ നൽകിയ പത്തനംതിട്ട ജില്ലയിലെ 5 നിയോജകമണ്ഡലങ്ങളിലും വ്യക്തമായി മുൻതൂക്കമുണ്ടായിരുന്ന നമ്മുടെ പാർട്ടിക്ക് ഇന്ന് ഈ അവസ്ഥ ഉണ്ടാകുവാനുള്ള മുഖ്യ കാരണം താങ്കൾ ആണ് കുര്യൻ സാർ.

താങ്കൾ പറയുന്നത് അല്ലാതെ വേറെ ഒന്നും നടക്കരുത് എന്നുള്ള ധാർഷ്ട്യമാണ് പത്തനംതിട്ട ജില്ലയിലെ കോൺഗ്രസിനെ ഇനിയും നിലയിൽ എത്തിച്ചത്. താങ്കളും ഡിസിസി പ്രസിഡന്റ് ബാബു ജോർജ്ജും ചേർന്ന് കാണിച്ചു കൂട്ടിയ കൊള്ളരുതായ്മകൾ ഈ പ്രസ്ഥാനത്തെ അടപടലം താഴേക്ക് നയിച്ചിട്ടുണ്ട്. പുതിയ ചെറുപ്പക്കാർ കയറി വരുന്നത് താങ്കൾക്ക് ഇഷ്ടമല്ല. താങ്കൾ കുറച്ച് കാലം മുൻപ് മണ്മറഞ്ഞുപോയ ഞങ്ങളുടെ പ്രിയ നേതാവ് ഉമ്മൻചാണ്ടി സാറിനെപ്പറ്റി പറഞ്ഞ കാര്യങ്ങളും ഞങ്ങൾ മറന്നിട്ടില്ല. രാജ്യസഭ ഉപാധ്യക്ഷനായി തുടരാൻ (ബിജെപിയുടെ സപ്പോർട്ടിൽ) ആഗ്രഹിച്ച കാര്യങ്ങളും ഞങ്ങൾ ഓർക്കാൻ ആഗ്രഹിക്കുന്നില്ല. ഇപ്പോഴുള്ള യൂത്ത് കോൺഗ്രസിന്റെ പ്രവർത്തനം കണ്ടിട്ട് താങ്കൾക്ക് ബുദ്ധിമുട്ട് തോന്നുന്നുണ്ടെങ്കിൽ അത് സ്വാഭാവികം എന്ന് മാത്രമേ പറയാനുള്ളൂ.

കാരണം ഈ യൂത്ത് കോൺഗ്രസിൽ ഒക്കെ പ്രവർത്തിച്ചു രണ്ട് മൂന്ന് പോലീസ് കേസും റിമാൻഡും ലാത്തിയടിയൊക്കെ കിട്ടിയവർക്കല്ലേ അതൊക്കെ മനസിലാകൂ. കോളേജ് പ്രൊഫസറിൽ നിന്നും നേരിട്ട് എം പിയായവർക്ക് മനസിലാക്കാൻ പാടാണെന്ന് ഞങ്ങൾക്കും അറിയാം. ഇപ്പോഴുള്ള ജില്ലാ പ്രസിഡന്റ് പ്രവർത്തിക്കുന്നുണ്ടോ എന്ന് ഈ എൺപത്തിനാലാം വയസ്സിൽ അങ്ങ് നോക്കേണ്ട. അയാളെ കൊണ്ട് പറ്റുന്നതിലും കൂടുതൽ അയാൾ ചെയ്യുന്നുണ്ട്. അതു ഇനി ആരോഗ്യ മന്ത്രിണിയെ കരിങ്കൊടി കാട്ടിയതിലുള്ള ദേഷ്യമാണോ താങ്കൾക്ക്. (അങ്ങോട്ടുമുള്ള അങ്ങയുടെ സ്നേഹം ഞങ്ങൾക്ക് നന്നായ് അറിയാം). ആരോഗ്യ വകുപ്പിൽ ഇപ്പോൾ കാണുന്ന ഈ കെടുകാര്യസ്ഥതയെ പറ്റി ഒരു വാക്ക് താങ്കൾ പറഞ്ഞില്ല. പത്തനംതിട്ട ജില്ല ആശുപത്രിയിലെ നൂനതകളെ പറ്റി താങ്കൾ എന്തെങ്കിലും പറഞ്ഞതായി ഞങ്ങൾ കണ്ടിട്ടില്ല.

യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റിന്റെ പാർട്ടി പാരമ്പര്യം ഞങ്ങൾക്ക് നന്നായ് അറിയാം. അങ്ങനെ പറയാൻ വലിയ പാർട്ടി പാരമ്പര്യം ഒന്നും താങ്കൾക്കില്ലല്ലോ. ശ്രീ കെ കരുണാകരന്റെ നല്ല മനസ്സുകൊണ്ട് കിട്ടിയ എം പി സ്ഥാനമല്ലാതെ. അതുകൊണ്ട് ഞങ്ങൾ അനുഭാവികൾക്ക് താങ്കളോടുള്ള അഭ്യർത്ഥന എൺപത്തിനാല് വയസായില്ലേ. ഇന്ന് സങ്കീർത്തനം ഒക്കെ വായിച്ചു, ആവുമ്പോൾ ഒക്കെ പള്ളിയിൽ പോയി കുമ്പസാരിച്ചു വി. കുർബാന ഒക്കെ കൊണ്ട് പ്രാർത്ഥനയും ഒക്കെ ആയി അങ്ങ് കഴിഞ്ഞു കൂടെ.. പാർട്ടിയുടെ കാര്യം ഒക്കെ അതിന്റെ ഉത്തരവാദിത്വമുള്ളവൻ നോക്കി കൊള്ളും ഇതിൽ കൂടുതൽ പറയണം എന്നുണ്ട് പക്ഷേ സാമൂഹ്യ മാധ്യമം ആയതിനാൽ പറയുന്നില്ല. ദയവായി ഇനിയും കോലിട്ട് ഇളക്കി ഈ പ്രസ്ഥാനത്തെ നശിപ്പിക്കരുത്. അതിനു ശ്രമിച്ചാൽ താങ്കൾ കഴിവില്ല എന്ന് പറഞ്ഞ ഈ യുവജനത വഴിയിൽ കാണും 💯👌🏻
വിശ്വസ്തതയോടെ.. മനീഷ് മുറിഞ്ഞകൽ

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പോഷൻ പക്വാഡ 2026 ന് കോന്നി ബ്ലോക്ക് പഞ്ചായത്തില്‍ തുടക്കമായി

0
കോന്നി : അമ്മമാരുടെയും കുട്ടികളുടെയും സമഗ്ര പോഷകാഹാരം ഉറപ്പുവരുത്തുന്നതിനായി കോന്നി ബ്ലോക്ക്...

വാഹനങ്ങളുടെ മോഡിഫിക്കേഷൻ : ശബ്ദവും വെളിച്ചവും കൂട്ടാൻ പാടില്ല , 100 ദിവസത്തിനുള്ളിൽ തീരുമാനം

0
തിരുവനന്തപുരം: വാഹനങ്ങളുടെ മോഡിഫിക്കേഷൻ ഉപാധികളോടെ മാത്രമേ അനുവദിക്കുകയുള്ളൂ എന്ന് ഗതാഗത മന്ത്രി...

പ്രതിഷേധങ്ങൾക്കിടെ എറണാകുളം പബ്ലിക് ഹെൽത്ത് ലാബ് ഡയറക്ടറായി ചുമതലയേറ്റ് ഡോ റീന കെ ജെ

0
തിരുവനന്തപുരം : വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കുമിടെ എറണാകുളം പബ്ലിക് ഹെൽത്ത് ലാബ് ഡയറക്ടറായി...

തിരുവനന്തപുരം കോർപറേഷനിൽ ബിജെപി ഭരണം കുത്തഴിഞ്ഞ നിലയിലെന്ന് കെഎസ് ശബരീനാഥൻ

0
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ബിജെപി ഭരണം തീർത്തും കുത്തഴിഞ്ഞ നിലയിലാണെന്ന് കോൺഗ്രസ്...