റാന്നി : വെച്ചൂച്ചിറ, നാറാണംമൂഴി പഞ്ചായത്തുകളുടെ അതിർത്തി മേഖലയായ ചെമ്പനോലി – വാറുചാൽ പ്രദേശങ്ങളിലെ ജനവാസ മേഖലയോടു ചേർന്ന് കാട്ടുപോത്തിനെ കണ്ടതായി സൂചന. സംശയമുന്നയിച്ച മേഖലകളിൽ പിന്നീട് വനപാലകരും നാട്ടുകാരും ചേര്‍ന്നു തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായിട്ടില്ലെന്നാണ് വനപാലകർ പറയുന്നത്. എന്നാൽ വാർത്ത പരന്നതിനെത്തുടർന്ന് പ്രദേശവാസികൾ ഭീതിയിലാണ്. ബുധനാഴ്ച രാവിലെ ഏഴോടെയാണ് മടന്തമണ്ണിനും ചെമ്പനോലിക്കുമിടയിൽ വാറുചാൽ ഭാഗത്ത് കാട്ടുപോത്തിനെ കണ്ടതായും അവിടെ നിന്ന് താൻ ഒരു വിധത്തിൽ രക്ഷപെടുകയായിരുന്നെന്നുമാണ് സ്ഥലവാസി പറയുന്നത്. പിന്നീട് സമീപത്തെ ടാപ്പിംഗ് തൊഴിലാളികളെ ഇയാള്‍ വിവരമറിയിച്ചു.
നാട്ടുകാർ അറിയിച്ചതനുസരിച്ച് കക്കുടുമൺ വനം സ്റ്റേഷനിൽ നിന്നും രാവിലെ എട്ടോടെ വനപാലകർ സ്ഥലത്തെത്തി തിരച്ചിൽ ആരംഭിക്കുകയായിരുന്നു. മണിക്കൂറുകളോളം പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും കാട്ടുപോത്തിന്റെ സാന്നിധ്യം ഉള്ളതായി യാതൊരു തെളിവും ലഭിച്ചില്ലെന്നാണ് വനപാലകർ പറയുന്നത്. എന്നാൽ ശബരിമല കാടുകളുടെ ഭാഗമായ പെരുന്തേനരുവി വനമേഖലയിലും സമീപ ജനവാസ പ്രദേശങ്ങളിലും നിരന്തരം കാട്ടുപോത്തുകളെ കാണാറുള്ളതായി നാട്ടുകാർ പറയുന്നു. പമ്പാനദിയുടെ സമീപ പ്രദേശങ്ങളായതിനാൽ ഇവിടെ കാട്ടുപോത്തുകളുടെ സാന്നിധ്യമുണ്ട്. വെച്ചുച്ചിറ, പരുവ, കക്കുടുക്ക, മണ്ണടിശാല എന്നിവിടങ്ങളിൽ നേരത്തെ നാട്ടിലിറങ്ങിയ കാട്ടുപോത്ത് ഭീതി പരത്തിയിരുന്നു. വനപാലകർ തെളിവില്ലെന്നു പറഞ്ഞു കൈമലർത്തുമ്പോഴും പ്രദേശവാസികളുടെ ഭീതി ഒഴിയുന്നില്ല. മുമ്പ് വാറുചാല്‍ മേഖലയില്‍ എത്തിയ കാട്ടാനയെ തുരത്തുന്നതിനിടെ വനപാലകന് ജീവന്‍ നഷ്ടമായിരുന്നു.