ന്യൂഡല്‍ഹി : ഇറ്റലിയിലെ റോമില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനത്തില്‍ അമൃത്സറില്‍ എത്തിയ 173 യാത്രക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വിമാനത്താവള അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത്. 285 യാത്രക്കാരുമായാണ് റോമില്‍ നിന്ന് വിമാനം എത്തിയത്. 173 യാത്രക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചുവെന്ന് ശ്രീ ഗുരു രാം ദാസ് ജീ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡയറക്ടര്‍ വികെ സേഥിനെ ഉദ്ധരിച്ച് മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
രോഗബാധിതരുടെ എണ്ണം ഇനിയും ഉയര്‍ന്നേക്കാമെന്നും പരിശോധന തുടരുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തെ 179 യാത്രക്കാരുമായി ഇറ്റലിയില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനത്തിലെത്തിയ 125 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും ഇറ്റലിയില്‍ നിന്നെത്തിയ ചാര്‍ട്ടേഡ് വിമാനത്തിലെ 170ലേറെ യാത്രക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.



























