ന്യൂഡല്‍ഹി : ജാമിയ മിലിയ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചില്‍ പോലീസിന്റെ ക്രൂര മര്‍ദ്ദനം. സ്വകാര്യഭാഗങ്ങളില്‍ മര്‍ദ്ദനമേറ്റ് അവശ നിലയിലായ പത്തോളം പെണ്‍കുട്ടികളെ ജാമിയ ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചു. പൗരത്വ നിയമഭേദഗതി, എന്‍.ആര്‍.സി എന്നിവയ്ക്കെതിരെ നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥിനികളെയാണ് പോലീസ് അതി ക്രൂരമായി മര്‍ദ്ദിച്ചത്. സ്വകാര്യ ഭാഗങ്ങളില്‍ പരിക്കേറ്റ പത്തുപേരാണ് ചികിത്സ തേടി ആശുപത്രിയിലെത്തിയത്. ഗുരുതരമായി പരിക്കേറ്റവരെ അല്‍ ഷിഫ ആശുപത്രിയിലേക്ക് മാറ്റിയെന്ന് ഡോക്ടര്‍ അറിയിച്ചു.
ലാത്തികൊണ്ട് അടിയേറ്റ് ചിലരുടെ ആന്തരികാവയവങ്ങള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ഒരു വനിതാ പോലീസുകാരി ബുര്‍ഖ അഴിച്ചുമാറ്റി സ്വകാര്യ ഭാഗങ്ങളില്‍ മര്‍ദ്ദിച്ചതായി ഒരു വിദ്യാര്‍ത്ഥിനി മാദ്ധ്യമങ്ങളോട് പറഞ്ഞു. ആണ്‍കുട്ടികള്‍ക്ക് നേരെയും ആക്രമണമുണ്ടായി. പൗരത്വ നിയമ ഭേദഗതിക്കെതിരെയും ദേശീയ പൗരത്വ പട്ടികക്കെതിരെയും വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ജാമിയ കോ ഓഡിനേഷന്‍ കമ്മിറ്റി പാര്‍ലമെന്റിലേക്ക് നടത്തിയ മാര്‍ച്ചാണ് പോലീസുമായി സംഘര്‍ഷത്തില്‍ കലാശിച്ചത്.