24.4 C
Pathanāmthitta
Friday, December 3, 2021 6:52 pm
Advertismentspot_img

മന്ത്രിയും കളക്ടറും മത്സരിച്ച് ദത്തെടുത്ത ജാസ്മിന്റെ ജീവിതം കട്ടപ്പൊക ; പരാതിയുമായി മന്ത്രിയെ കാണാന്‍ ചെന്നപ്പോള്‍ പിഎ ആട്ടിപ്പുറത്താക്കി

പത്തനംതിട്ട : പിതാവ് മറ്റൊരു സ്ത്രീയ്ക്കൊപ്പം പോയി. കുടുംബപ്രശ്നം കാരണം മാതാവും ഉപേക്ഷിച്ചു. നാരങ്ങാനത്തെ വീട്ടില്‍ ഒറ്റയ്ക്കായി പോയ ജാസ്മിന്‍ എന്ന പെണ്‍കുട്ടിയുടെ കദനകഥ മാധ്യമങ്ങള്‍ നേരത്തേ വാര്‍ത്തയാക്കിയിരുന്നു. മൂന്നു വനിതകള്‍ ഭരിക്കുന്ന ജില്ലയില്‍ പതിനാറുകാരിക്ക് സുരക്ഷയില്ലെന്ന വാര്‍ത്ത കണ്ട് അവള്‍ക്ക് സംരക്ഷണമൊരുക്കാന്‍ മത്സരമായിരുന്നു.

കലക്ടര്‍ നേരിട്ട് ചെന്ന് കുട്ടിയെ ഏറ്റെടുക്കുന്നു. ആരോഗ്യമന്ത്രി ബാലികാമന്ദിരം സന്ദര്‍ശിച്ച്‌ കുട്ടിക്ക് എല്ലാ വിധ സഹായങ്ങളും വാഗ്ദാനം ചെയ്യുന്നു. പത്താം ക്ലാസില്‍ മികച്ച വിജയം നേടിയ ആ കുട്ടിയുടെ ജീവിതം ഇപ്പോള്‍ ഇരുളിലാണ്. പരാതി പറയാന്‍ കലക്ടറെ സമീപിച്ചപ്പോള്‍ മന്ത്രിയോട് പറഞ്ഞാല്‍ മതിയെന്ന് നിര്‍ദ്ദേശം. മന്ത്രിയുടെ ഓഫീസില്‍ ചെന്നപ്പോള്‍ പിഎ ആട്ടിയോടിച്ചുവെന്നും പരാതി.

വീട്ടിലെ വൈദ്യുതി കണക്ഷന്‍ വിഛേദിച്ചതിനെപ്പറ്റി പരാതി പറയാനാണ് ജാസ്മിനും മാതാവും കലക്ടറേറ്റില്‍ ചെന്നത്. അവിടെ നിന്ന് മന്ത്രിയുടെ ഓഫീസിലേക്ക് പറഞ്ഞു വിട്ടു. അവിടെ നിന്ന് ആട്ടിയോടിക്കപ്പെട്ടു. കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് മാതാവും പിതാവും ഉപേക്ഷിച്ച ജാസ്മിന്‍ തനിച്ച്‌ ഒരു വീട്ടില്‍ കഴിയുകയായിരുന്നു. വാര്‍ത്ത വന്നതിന് പിന്നാലെ പെണ്‍കുട്ടിക്ക് സംരക്ഷണമൊരുക്കാന്‍ മത്സരമായി. ജില്ലാ കലക്ടര്‍ ചെന്ന് പെണ്‍കുട്ടിയെ ഏറ്റെടുത്തിന് പിന്നാലെ ആരോഗ്യമന്ത്രിയും ഇടപെട്ടു. ഇടപെട്ടത് മന്ത്രിയാണെന്നും അവിടെ നിന്നുള്ള നിര്‍ദേശ പ്രകാരമാണ് ജില്ലാ കലക്ടര്‍ പോയതെന്നുമായി വാര്‍ത്ത. കൈയടി നേടാനുള്ള മത്സരമാണ് അന്ന് കണ്ടത്. ആ സമയത്ത് ജാസ്മിന് പുനരധിവാസവും സംരക്ഷണവുമൊക്കെ കിട്ടി. പക്ഷേ, ഇപ്പോള്‍ ഈ കുട്ടിയുടെ അവസ്ഥ അതിദയനീയമാണ്.

വനിതാ ശിശു വികസന വകുപ്പും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റുകളും ചേര്‍ന്ന് വന്‍തുക ചെലവിട്ട് സംസ്ഥാന വ്യാപകമായി ബാലാവകാശ വാരാചരണം സംഘടിപ്പിക്കുന്ന സമയത്ത് തന്നെയാണ് ഈ വകുപ്പകളുടെ പൊള്ളത്തരം വ്യക്തമാക്കുന്ന തരത്തില്‍ ജാസ്മിന്റെ അനുഭവം. മാധ്യമ വാര്‍ത്തകളെ തുടര്‍ന്ന് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ നിര്‍ബന്ധ പൂര്‍വം ഇലന്തൂരില്‍ പ്രവര്‍ത്തിക്കുന്ന ബാലികാ ഭവനില്‍ ആക്കിയ കുട്ടിയുടെ തുടര്‍ വിദ്യാഭ്യാസം ഉള്‍പ്പെടെ എല്ലാം ഏറ്റെടുക്കാമെന്നായിരുന്നു സര്‍ക്കാരിന്റെ വാഗ്ദാനം. എന്നാല്‍ ഉയര്‍ന്ന മാര്‍ക്ക് നേടി പത്താം ക്ലാസ് വിജയിച്ച കുട്ടിക്ക് പ്ലസ് വണ്ണിന് അഡ്‌മിഷന്‍ വാങ്ങി നല്‍കിയില്ല. സിബിഎസ്‌ഇ സിലബസില്‍ പഠിച്ചിരുന്ന കുട്ടിക്ക് ഓണ്‍ലൈന്‍ ക്ലാസ് അറ്റന്റ് ചെയ്യുന്നത് തടഞ്ഞ് പഠനം മുടക്കിയെന്നും പരാതിപ്പെടുന്നു.

ഇതിന് ശേഷം പരിപാലിക്കാന്‍ യാതൊരു വരുമാനവുമില്ലാത്ത മാതാവ് മിനിക്ക് കുട്ടിയെ ഏല്‍പ്പിച്ചു കൊടുത്തുവത്രേ. പ്ലസ് വണിന് അഡ്‌മിഷന്‍ ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് വിദൂര വിദ്യാഭ്യാസത്തിന്റെ സാധ്യത ഉപയോഗപ്പെടുത്തി കേരളാ സിലബസില്‍ പഠനം തുടരാന്‍ ശ്രമിക്കുമ്പോഴാണ് കെഎസ്‌ഇബിയുടെ ഇരുട്ടടി കിട്ടിയത്. ഇവര്‍ താമസിക്കുന്ന വീട്ടിലെ വൈദ്യുതി അഞ്ചു ദിവസത്തോളം വിഛേദിക്കപ്പെട്ടു. കനത്ത മഴയില്‍ ഏറെ ഭയന്നാണ് ജാസ്മിന്‍ മാതാവ് മിനിക്കൊപ്പം ഇവിടെ കഴിയുന്നത്. വൈദ്യുതി വിഛേദിച്ചതിനെ തുടര്‍ന്ന് പരാതി പറയാന്‍ ജില്ലാ കലക്ടറെ കാണാന്‍ ചെന്നപ്പോള്‍ മന്ത്രി വീണാ ജോര്‍ജിനെ കാണാനായിരുന്നുവത്രേ നിര്‍ദ്ദേശം.

ഇതനുസരിച്ച്‌ സെന്റ് പീറ്റേഴ്സ് ജങ്ഷനിലെ എംഎല്‍എ ഓഫീസിലെത്തിയെങ്കിലും മന്ത്രിയെ കാണാന്‍ അനുവദിക്കാതെ പിഎ ഓടിച്ചു വിട്ടെന്നും ജാസ്മിന്‍ പറയുന്നു. അര്‍ധ പട്ടിണിയിലും പഠനം മെഴുകുതിരിയുടെ വെളിച്ചത്തില്‍ തുടരുന്ന ജാസ്മിന് പക്ഷെ തനിക്ക് നീതി നിഷേധിച്ചവരോട് പരാതിയില്ല. തന്റെയും മാതാവിന്റെയും എല്ലാ ദുരിതങ്ങള്‍ക്കും കാരണക്കാരനായ പിതാവ് ജോണ്‍ ജോസഫ് മാത്യു എന്ന പ്രമോദിനെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കാത്ത പോലീസിനോടും വനിതയായ ജില്ലാ പോലീസ് മേധാവിയോടും മാത്രമാണ് പരാതി.

- Advertisment -
Advertisment
Advertisment
- Advertisment -
- Advertisment -

Most Popular