കണ്ണൂര്‍ : ജ്വല്ലറി നിക്ഷേപതട്ടിപ്പില്‍ ഒരാളെക്കൂടി കണ്ണൂര്‍ ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തു. കാട്ടാമ്പളളി ദാന ഗോള്‍ഡ് പാര്‍ട്ണര്‍ നാറാത്ത് കെ.വി ഹൗസില്‍ അബ്ദുള്‍ സമദിനെയാണ് (46) കണ്ണൂര്‍ ടൗണ്‍ സി.ഐ ശ്രീജിത്ത് കോടേരിയും സംഘവും അറസ്റ്റു ചെയ്തത്. ദാനഗോള്‍ഡ് മാര്‍ക്കറ്റിംഗ് മാനേജരാണ് അബ്ദുല്‍സമദ്. നേരത്തെ കണ്ണൂരിലെ ഫാത്തിമ ഗോള്‍ഡ് പാര്‍ട്ണറായിരുന്നു ഇയാള്‍. ജ്വല്ലറിയില്‍ പലതവണ പണം നിക്ഷേപിച്ചാല്‍ ലാഭവിഹിതം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കാട്ടാമ്പളളിയിലെ അഫ്സലില്‍ നിന്നും 21 ലക്ഷം രൂപ കൈപറ്റുകയും എന്നാല്‍ പിന്നീട് ലാഭവിഹിതമോ പണമോ തിരിച്ചു നല്‍കാതെ വഞ്ചിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് അറസ്റ്റ്.
ഇയാള്‍ സമാനമായ രീതിയില്‍ നിരവധി പേരില്‍ നിന്നും ലക്ഷങ്ങള്‍ കൈപറ്റിയിട്ടുണ്ടെന്നും ഇരുപതോളം പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും ശ്രീജിത്ത് കൊടേരി പറഞ്ഞു. അന്വേഷണത്തില്‍ എസ്.ഐ അജയന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ നിഷാന്ത്, നാസര്‍ എന്നിവരും പങ്കെടുത്തു.