കോഴിക്കോട് : കമ്മത്തി ലൈനിലെ ജൂവലറിയില്‍ പട്ടാപ്പകല്‍ കവര്‍ച്ച നടത്തിയ സംഭവത്തില്‍ കടയിലെ ജോലിക്കാരനും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമടക്കം നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. മണക്കടവ് സ്വദേശി പി.പ്രണവ് (29), ചക്കുംകടവ് സ്വദേശി കെ.പി സര്‍ഫാസ് അലി (22), കിഴക്കുംമുറി സ്വദേശി എം.എം സുബീഷ് (29), പടിഞ്ഞാറ്റുംമുറി സ്വദേശി പി.വി അഖില്‍ (28) എന്നിവരാണ് അറസ്റ്റിലായത്. ഇതില്‍ സര്‍ഫാസാണ് കടയിലെ ജീവനക്കാരന്‍. പ്രണവും സുബീഷും തപാല്‍ വകുപ്പില്‍ താല്‍ക്കാലിക ജോലിക്കാരാണ്.
സമീപത്തെ സിസിടിവി ദൃശ്യങ്ങളാണ് പ്രതികളെ പിടികൂടാന്‍ സഹായകമായത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മോഷണം നടന്നത്. സംഭവം ഇങ്ങനെ – ഉച്ചയ്ക്കു പള്ളിയില്‍ പോകുന്നതിനായി കട അടച്ചിട്ട സമയത്താണു മോഷണം നടത്തിയത്. രണ്ടു മാസം മുന്‍പ് കടയുടെ താക്കോല്‍ നഷ്ടപ്പെട്ടെന്ന് കടയുടമയെ സര്‍ഫാസ് വിശ്വസിപ്പിച്ചു. തുടര്‍ന്ന് താക്കോലിന്റെ പകര്‍പ്പ് ഉപയോഗിച്ചാണ് ഉടമ കട തുറന്നിരുന്നത്. കടയുടമയുടെ വിശ്വസ്തനായി നടിച്ച് സര്‍ഫാസ് കടയുടമ സ്വര്‍ണം വയ്ക്കുന്ന സ്ഥലവും പണം വയ്ക്കുന്ന സ്ഥലവും ക്യാമറയുടെ ഡിവിആറിന്റെ സ്ഥാനവും കൃത്യമായി മനസ്സിലാക്കി.
എല്ലാ ദിവസത്തെയും ക്യാമറാ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണു മോഷണം നടത്താന്‍ വെള്ളിയാഴ്ച പകല്‍ തിരഞ്ഞെടുത്ത്. സിസിടിവി ക്യാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ വെള്ളിയാഴ്ച ദിവസങ്ങളില്‍ കമ്മത്തി ലെയ്‌നില്‍ അനേകം പേര്‍ വെളുത്ത വസ്ത്രം ധരിക്കുമെന്നും വെള്ള വസ്ത്രക്കാരെ ക്യാമറ ദൃശ്യത്തില്‍ തിരിച്ചറിയാന്‍ പ്രയാസമായിരിക്കുമെന്നും മനസ്സിലാക്കി. മോഷണത്തിനുള്ള പദ്ധതി തയാറാക്കി സുഹൃത്തുക്കളെ അറിയിച്ചു. തുടര്‍ന്ന് കൂടുതല്‍ പണവും സ്വര്‍ണവും എത്തുന്നതുവരെ കാത്തിരിക്കാന്‍ സര്‍ഫാസ് സംഘാംഗങ്ങള്‍ക്കു നിര്‍ദ്ദേശം നല്‍കി. സംഭവ ദിവസം രാവിലെ പ്രണവിന്റെ കാര്‍ കടയുടെ മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്നു. തൊട്ടടുത്ത കടയില്‍ ഗ്യാരണ്ടി ആഭരണങ്ങള്‍ വില്‍ക്കാനുണ്ടെന്നു പറഞ്ഞ് കടക്കാരുടെ ശ്രദ്ധ തിരിക്കാന്‍ സുബീഷ് ശ്രമിച്ചു.
കമ്മത്തി ലെയ്‌നില്‍ അധികമാര്‍ക്കും പരിചയമില്ലാത്ത അഖിലാണ് കടയില്‍ കയറി മുന്‍കൂട്ടി തീരുമാനിച്ചതു പ്രകാരമുള്ള സ്ഥലത്തെ സാധനങ്ങള്‍ മാത്രം മോഷ്ടിച്ചത്. സംഭവസമയം ഫോണ്‍ ഉപയോഗിക്കാതിരിക്കാന്‍ ഇവര്‍ ശ്രദ്ധിച്ചിരുന്നു. പെട്ടെന്ന് പണമുണ്ടാക്കാനാണു മോഷണം നടത്തിയതെന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞു. രണ്ടു മാസത്തെ ആസൂത്രണത്തിനൊടുവിലാണു മോഷണമെന്നു പോലീസ് വ്യക്തമാക്കി.