എടത്വാ: പൊതുപ്രവർത്തകൻ ജോൺസൺ വി. ഇടിക്കുളയ്ക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് വ്യാജമെന്ന് ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നല്കി. 2011 നവംബർ മുതൽ ജോൺസൺ വി.ഇടിക്കുള പണം മുടക്കി നടത്തി വന്നിരുന്ന എടത്വാ ടൗണിലെ വാലയിൽ ടെക്സ്റ്റയിൽസ് എന്ന സ്ഥാപനത്തിൽ 2018 ജൂൺ 23ന് വി.സി.ചാണ്ടി അതിക്രമിച്ചു കയറി അക്രമം നടത്തിയതിനെ തുടർന്ന് എടത്വാ പോലീസ് തലവടി കുന്തിരിക്കൽ വാലയിൽ വി.സി.ചാണ്ടി (ബേബികുട്ടി)ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
എന്നാൽ പ്രതിയായ വി.സി ചാണ്ടി കേസ് പ്രതിരോധിക്കുവാനായി എതിർകക്ഷിയായ ജോൺസൺ വി. ഇടിക്കുളയുടെ ദേഹോപദ്രവത്തിൽ പരുക്ക് പറ്റിയതായി പറഞ്ഞ് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോയി ചികിത്സ തേടുകയും വി.സി.ചാണ്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ എടത്വ സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് കെ.ജി രതീഷ് കേസ് രജിസ്റ്റർ ചെയ്ത് കുറ്റപത്രവും സമർപ്പിച്ചിരുന്നു.
എന്നാൽ ജോൺസൺ വി. ഇടിക്കുള അഡ്വ.സോണു അഗസ്റ്റിൻ മുഖേന ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിയെ തുടർന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിനായി ഉത്തരവിടുകയും ചെയ്തു. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിമാരായ ബിജി ജോർജ്, കെ.വി. ബെന്നി, സബ് ഇൻസ്പെക്ടർ എസ്.മുരളീധരൻ എന്നിവർ നടത്തിയ അന്വേഷണത്തിലാണ് ജോൺസൺ വി. ഇടിക്കുളക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് കോടതിയുടെ ഫയലിൽ നിന്നും കുറവ് ചെയ്യുന്നതിനായി അന്തിമ റിപ്പോർട്ട് തയ്യാറാക്കി അമ്പലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചത്.
തുടർ അന്വേഷണ പ്രകാരം ക്രൈംബ്രാഞ്ച് വി.സി.ചാണ്ടിയെ അറസ്റ്റ് ചെയ്യുകയും പിന്നീട് കർശന ഉപാധികളോട് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. എടത്വായിലെ വസ്ത്രവ്യാപാര സ്ഥാപനത്തിലെ വസ്ത്രങ്ങൾ ഉൾപ്പെടെ വിലപിടിപ്പുള്ള സാധനങ്ങൾ മോഷണം പോയതുമായി ബന്ധപ്പെട്ട കേസിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. എന്നാൽ അഡ്വ.ഉമ്മൻ എം.മാത്യൂ മുഖേന ജോൺസൺ വി.ഇടിക്കുള ആലപ്പുഴ സബ് കോടതിയിൽ സമർപ്പിച്ച അന്യായം ഫയലിൽ സ്വീകരിച്ച് വി.സി.ചാണ്ടിയുടെ സ്വത്ത് കണ്ട്ക്കെട്ടിയിരിക്കുകയാണ്.































