23.8 C
Pathanāmthitta
Wednesday, May 11, 2022 6:55 am

എം.ശിവശങ്കരന്റെയും സ്വപ്ന സുരേഷിന്റെയും വെളിപ്പെടുത്തലുകള്‍ ബിജെപിയുടെ ആരോപണങ്ങള്‍ ശരിവെക്കുകയാണൈന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍

തിരുവനന്തപുരം : സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ പ്രധാന പ്രതികളായ എം.ശിവശങ്കരന്റെയും സ്വപ്ന സുരേഷിന്റെയും വെളിപ്പെടുത്തലുകള്‍ ബിജെപിയുടെ ആരോപണങ്ങള്‍ ശരിവെക്കുകയാണൈന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ശിവശങ്കരന്റെ പുസ്തകം സര്‍ക്കാരിനെ വെള്ളപൂശാനായിരുന്നു. എന്നാല്‍ പുസ്തകത്തിലെ വെളിപ്പെടുത്തലുകളെല്ലാം സ്വപ്നയുടെ തുറന്ന് പറച്ചിലോടെ പൊളിഞ്ഞുവീണു കഴിഞ്ഞെന്നും തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സുരേന്ദ്രന്‍ പറഞ്ഞു. ബിജെപി തുടക്കം മുതലേ പറഞ്ഞ എല്ലാ കാര്യങ്ങളും ശരിയാണെന്ന് സ്വപ്ന സമ്മതിച്ചിരിക്കുകയാണ്.

തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിക്കപ്പെട്ടത് ആദ്യത്തെ കള്ളക്കടത്തല്ല, അതിന് മുമ്പും നിരവധി സ്വര്‍ണ്ണക്കള്ളക്കടത്ത് നടന്നിട്ടുണ്ടെന്ന് താന്‍ അന്നേ പറഞ്ഞിരുന്നു. ബാഗേജ് വിട്ടുകിട്ടാനായി മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രമുഖന്‍ കസ്റ്റംസിനെ വിളിച്ച കാര്യം ജൂലായ് 6ന് തന്നെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ശിവശങ്കരന്റെ ഔദ്യോഗിക ഫോണും അദ്ദേഹത്തിന്റെ മൊബൈല്‍ നമ്പറും പരിശോധിച്ചാല്‍ വസ്തുത മനസിലാവുമെന്ന് അന്ന് പറഞ്ഞപ്പോള്‍ എല്ലാവരും അത് എഴുതിതള്ളി. കസ്റ്റംസ് ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രിക്ക് താത്പര്യമുള്ള കേസായതു കൊണ്ട് ബാഗേജ് വിട്ടുകിട്ടണമെന്നാണ് ശിവശങ്കരന്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തെ അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവുന്നത്ര ശ്രമിച്ചു.

സ്വപ്നയെ ബെംഗളൂരുവിലേക്ക് രക്ഷപ്പെടാന്‍ സഹായിച്ചത് ശിവശങ്കരനാണെന്നാണ് ബിജെപി പറഞ്ഞിരുന്നു. സര്‍ക്കാരിനെ ന്യായീകരിക്കാന്‍ പുറത്തുവന്ന സ്വപ്നയുടെ ശബ്ദരേഖ വ്യാജമാണെന്നും അന്നേ ഞങ്ങള്‍ ചൂണ്ടിക്കാണിച്ചിരുന്നു. അതെല്ലാം ഇന്ന് ചാനലിന്റെ മുമ്പില്‍ അവര്‍ സമ്മതിച്ചു. മുഖ്യമന്ത്രിയുടെ പേര് പറയാന്‍ ഇഡി ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന ശബ്ദരേഖയും വ്യാജമാണെന്ന് സ്വപ്ന സ്ഥിരീകരിച്ചത് സര്‍ക്കാരിനുള്ള തിരിച്ചടിയാണ്. ലൈഫ് മിഷന്‍ പദ്ധതിയില്‍ വിവാദ കരാറുകാരനെ ഉള്‍പ്പെടുത്തി കമ്മീഷന്‍ അടിച്ചതിന് പിന്നില്‍ ശിവശങ്കരനായിരുന്നുവെന്ന് സ്വപ്ന തുറന്ന് പറഞ്ഞതിലൂടെ സര്‍ക്കാര്‍ പ്രതിക്കൂട്ടിലായെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

സ്വപ്നയുടെ ബാങ്ക് ലോക്കര്‍ ശിവശങ്കരന്റേത് കൂടിയാണെന്നത് ഇവരുടെ കൂട്ടുകച്ചവടം തെളിയിക്കുന്നു. സ്വര്‍ണ്ണക്കള്ളക്കടത്തില്‍ സര്‍ക്കാരിന്റെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളുടെ പിന്തുണ ഇവര്‍ക്കുണ്ടായിരുന്നു. സര്‍ക്കാരിന്റെ ഔദ്യോഗിക വാഹനങ്ങള്‍ സ്വര്‍ണ്ണംകടത്താന്‍ ലഭിച്ചിരുന്നു. സത്യം തെളിഞ്ഞെന്നാണ് ഇപ്പോള്‍ കെ.ടി ജലീല്‍ പറയുന്നത്. കോണ്‍സുല്‍ ജനറലുമായ് ഇടപെടാനുള്ള എന്ത് അധികാരമാണ് കെ.ടി ജലീലിനുള്ളത്?. ജലീല്‍ സത്യപ്രതിഞ്ജാലംഘനമാണ് നടത്തിയത്. ഡിജിപിയായിരുന്ന ജേക്കബ് തോമസ് പുസ്തകം എഴുതിയെന്ന് പറഞ്ഞാണ് അദ്ദേഹത്തെ സര്‍വ്വീസില്‍ നിന്നും മാറ്റിയത്. ശിവശങ്കരന്‍ സര്‍വ്വീസ് ചട്ടങ്ങളെ പരസ്യമായി ലംഘിച്ചിരിക്കുന്നു.

കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ഒരു ഐഎഎസ് ഉദ്യോഗസ്ഥന്‍ പുസ്തകമെഴുതുന്നത് ശരിയല്ല. സര്‍ക്കാരിനെ വെള്ളപൂശാനാണ് എഴുതിയതെങ്കിലും ഇപ്പോള്‍ സര്‍ക്കാരിന് തിരിച്ചടിയായിരിക്കുകയാണ്. ശിവശങ്കരനെ അടിയന്തരമായി സര്‍വ്വീസില്‍ നിന്നും പുറത്താക്കണം. സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ എവിടെയും ശിവശങ്കരന്‍ കുറ്റവിമുക്തനാക്കപ്പെട്ടിട്ടില്ല. എല്ലാഏജന്‍സികളുടേയും അന്വേഷണത്തില്‍ മുഖ്യസൂത്രധാരന്‍ ശിവശങ്കരന്‍ തന്നെയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. സില്‍വര്‍ലൈനിനു വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കലിന് അനുകൂലമല്ലെന്ന് റെയില്‍വെ പറഞ്ഞ സ്ഥിതിക്ക് ഭൂമി ഏറ്റെടുക്കല്‍ നടപടിയില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണം. ജനങ്ങളെ സംഘടിപ്പിച്ച്‌ ബിജെപി ഭൂമിയേറ്റെടുക്കല്‍ പ്രതിരോധിക്കുമെന്നും ബിജെപി അധ്യക്ഷന്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.സുധീര്‍, ജില്ലാ പ്രസിഡന്റ് വി.വി രാജേഷ് എന്നിവരും പങ്കെടുത്തു.

- Advertisment -
- Advertisment -
Advertisment
- Advertisment -

Most Popular