തിരുവനന്തപുരം: സംസ്ഥാനത്ത് കടല്‍ക്ഷോഭം രൂക്ഷമായതിന് പിന്നാലെ വലിയതുറ പാലത്തില്‍ വിള്ളല്‍. വിളളലിനെ തുടര്‍ന്ന് കടല്‍ പാലത്തിന്റെ ഒരു ഭാഗം ചരിഞ്ഞ നിലയിലാണ്. ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിലും കടലാക്രമണത്തിലുമാണ് പാലത്തിന് വിള്ളല്‍ രൂപപ്പെട്ടതെന്നാണ് വിലയിരുത്തല്‍. പലതവണ പാലത്തിന് കേടുപാടുകള്‍ സംഭവിച്ചിരുന്നെങ്കിലും നവീകരിച്ച് വരികയായിരുന്നു.
വിള്ളല്‍ രൂപപ്പെട്ടതോടെ അപകട സാദ്ധ്യത കണക്കിലെടുത്ത് പാലത്തിന്റെ ഗേറ്റ് പൂട്ടി. സ്ഥലത്ത് പോലീസിന്റെ കനത്ത നിരീക്ഷണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പാലം അപകടാവസ്ഥയിലായത് കൊണ്ട് തുറമുഖ വകുപ്പ് സന്ദര്‍ശനം നിരോധിച്ചുകൊണ്ട് പാലത്തിന് സമീപം ബോര്‍ഡ് സ്ഥാപിച്ചിരുന്നു. എങ്കിലും നിരവധി സന്ദര്‍ശകരും മത്സ്യത്തൊഴിലാളികളും പാലം ഇപ്പോഴും ഉപയോഗിക്കാറുണ്ട്.
വലിയതുറ ഗ്രേറ്റ് ഹാര്‍ബര്‍ എന്ന നിലയില്‍ വലിയതുറ പാലം വളരെ കാലം മുമ്പേ പ്രസിദ്ധമായിരുന്നു. 1825ല്‍ പണിത പാലം 1956ലാണ് ഇന്നുള്ള രൂപത്തില്‍ നിര്‍മ്മിച്ചത്. കടല്‍ ക്ഷോഭം ശക്തമായ വലിയതുറയില്‍ അടക്കം നിരവധി പ്രദേശവാസികളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.