പത്തനംതിട്ട : വിഷു ആഘോഷങ്ങള്‍ ഒഴിവാക്കി പണം കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്ക് ചെലവഴിക്കാമെന്നത് ഭക്തജനങ്ങളുടെയും ക്ഷേത്രഭാരവാഹികളുടെയും കൂട്ടായ തീരുമാനമായിരുന്നു. കൈപ്പട്ടൂര്‍ അമ്മന്‍കോവില്‍ ക്ഷേത്രത്തിലെ ഇത്തവണത്തെ വിഷു ആഘോഷങ്ങള്‍ക്കായി സമാഹരിച്ചു കരുതിയിരുന്ന 50,000 രൂപയാണ് കോവിഡ് പ്രതിരോധപ്രവത്തനങ്ങളുമായി ബന്ധപ്പെട്ട് മെഡിക്കല്‍ അനുബന്ധ വസ്തുക്കള്‍ വാങ്ങി ജില്ലാ കളക്ടര്‍ പി.ബി.നൂഹിനു കൈമാറിയത്.
കോവിഡ്-19 പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ മാസ്‌ക്, ഗ്ലൗസ്, സിറിഞ്ച്, ആന്റി സെപ്റ്റിക് ലിക്വിഡ് തുടങ്ങി വിപണിയില്‍ നിലവില്‍ ലഭ്യമായ മെഡിക്കല്‍ സാധനങ്ങള്‍ വാങ്ങി ക്ഷേത്രത്തിന്റെ പേരില്‍ കൈമാറിയത്. ക്ഷേത്രഭാരവാഹികളായ എസ്.രതീഷ്‌കുമാര്‍, സി.ജെ.അനില്‍കുമാര്‍, ടി.എസ്.അനില്‍കുമാര്‍ എന്നിവരാണ് മെഡിക്കല്‍ അനുബന്ധ വസ്തുക്കള്‍ ജില്ലാ കളക്ടര്‍ക്ക് കൈമാറിയത്.