കൊച്ചി: കനകമല ഐഎസ് കേസില്‍ ഒളിവിലായിരുന്ന എട്ടാം പ്രതി തിരുവനന്തപുരം കന്യാകുളങ്ങര സ്വദേശി സിദ്ദിഖ് ഉല്‍ അസ്ലമിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു. അന്‍സാര്‍ ഉല്‍ ഖലീഫ കേരളയുടെ പ്രവര്‍ത്തകനായ അസ്‌ലാം കനകമലയിലെ ഒത്തു കൂടലിനു ശേഷം സൗദി അറേബ്യയിലേക്കു കടന്നിരുന്നു. അവിടെ നിന്നു നാടു കടത്തിച്ചു ഡല്‍ഹിയിലെത്തിച്ചാണ് അറസ്റ്റ് ചെയ്തത്.
കൊച്ചിയില്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ വെള്ളിയാഴ്ച വരെ എന്‍ഐഎയുടെ കസ്റ്റഡിയില്‍ നല്‍കി. കനകമല ഐഎസ് കേസിലെ മറ്റൊരു പ്രതി മുഹമ്മദ് പോളക്കാനിയെ അന്വേഷണ സംഘം വീണ്ടും കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്. ജോര്‍ജിയയിലായിരുന്ന മുഹമ്മദിനെ കൊച്ചിയിലെത്തിച്ചാണ് എന്‍ഐഎ നേരത്തേ അറസ്റ്റ് ചെയ്തത്. കേസിലെ 6 പ്രതികള്‍ കുറ്റക്കാരാണെന്നു കഴിഞ്ഞ വര്‍ഷം എന്‍ഐഎ കോടതി കണ്ടെത്തിയിരുന്നു. മുഹമ്മദിനെ കേസില്‍ പ്രതി ചേര്‍ത്തെങ്കിലും വിദേശത്തേക്കു കടന്നതിനാല്‍ വിചാരണ നേരിട്ടില്ല.