കണ്ണൂര്‍ : കോര്പ്പറേഷന് അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ കണ്ണൂരില്‍ മേയര്‍ ആരാണെന്ന കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. കെ.പി.സി.സി ജനറല്‍ സെക്രട്ടറി മാര്ട്ടിന് ജോര്‍ജിന്റെ പേരായിരുന്നു ആദ്യം മുതല്‍ മേയര്‍ സ്ഥാനത്തേക്ക് ഉയര്‍ന്നു കേട്ടത്. എന്നാല്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനവും മേയര്‍ സ്ഥാനവും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നല്‍കുന്നതിനെതിരെ കോണ്‍ഗ്രസിനുള്ളില്‍ നിന്ന് തന്നെ എതിര്‍പ്പുയര്‍ന്നതോടെ ആണ് മറ്റ് പേരുകള്‍ പരിഗണനക്കെടുത്തത്.
കോണ്‍ഗ്രസിന്റെ മുന്‍ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ടി.ഒ മോഹനന്റെ പേരിനാണ് മുഖ്യ പരിഗണന. ഇതിനിടെ മുന്‍ ഡെപ്യൂട്ടി മേയറായ പി.കെ രാഗേഷിന് വേണ്ടി എസ്.എന്‍.ഡി.പിയിലെ ഒരു വിഭാഗവും രംഗത്തെത്തിയിട്ടുണ്ട് . എന്നാല്‍ നാല് വര്‍ഷം എല്‍.ഡി.എഫിനൊപ്പം ഭരണം പങ്കിട്ട പി.കെ രാഗേഷിനെ മേയറാക്കുന്നതിനോട് കോണ്‍ഗ്രസിലെ വലിയ വിഭാഗത്തിന് എതിര്‍പ്പുണ്ട്. ഇക്കാര്യം ജില്ലാ നേതൃത്വത്തെ ഇവര്‍ രേഖാമൂലം അറിയിക്കുകയും ചെയ്തു. അങ്ങനെയെങ്കില്‍ ടി.ഒ മോഹനനാണ് കൂടുതല്‍ സാധ്യത.
അന്തിമ തീരുമാനത്തിന് മുന്‍പ് കോര്‍പ്പറേഷനിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ മനസ്സറിയാനാണ് പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനം. 20 കോണ്‍ഗ്രസ് അംഗങ്ങളുടെയും യോഗം ചേര്‍ന്ന് ഇന്ന് അഭിപ്രായം ആരായും. കെ.പി.സി.സി നേതൃത്വത്തിന്റെ അനുമതിയോടെയായിരിക്കും അന്തിമ പ്രഖ്യാപനം. സംസ്ഥാനത്ത് യു.ഡി.എഫിന് ഭരണം ലഭിച്ച ഏക കോര്‍പ്പറേഷനില്‍ വിവാദങ്ങള്‍ക്ക് ഇട നല്‍കാതെ മേയറെ കണ്ടെത്തണമെന്നാണ് നേതൃത്വത്തിന്റെ നിര്‍ദേശം.