കണ്ണൂർ: ഫോൺ ഉപയോഗം മാതാപിതാക്കൾ വിലക്കിയതിനെത്തുടർന്ന് വീട് വിട്ടിറങ്ങിയ പതിനേഴുകാരൻ ശിവസൂര്യയെ കാണാതായ സംഭവത്തിൽ വാരണാസിയിൽ നടത്തിയ പരിശോധനയ്ക്കു ശേഷം പൊലീസ് അന്വേഷണസംഘം മടങ്ങി. ഒരു കുറിപ്പ് എഴുതി വെച്ച ശേഷമാണ് ശിവസൂര്യ വീടുവിട്ടിറങ്ങിയത്. കുറിപ്പിൽ `ഞാൻ കാശിക്കു പോകുന്നു, ഇനിയുള്ള ജീവിതം അവിടെ ജീവിച്ച് ദൈവത്തോടലിയും’ എന്നാണ് എഴുതിയിരുന്നത്. വാരണാസിയിൽ കുട്ടി എത്തിയതിനെക്കുറിച്ച് യാതൊരുവിധ സൂചനകളും ഇതുവരെ ലഭിച്ചിട്ടില്ല. തുടർന്ന് രണ്ടുപേരടങ്ങുന്ന അന്വേഷണസംഘം തിരിച്ചെത്തി. ആഗസ്റ്റ് എട്ടിനാണ് മൊബൈൽ ഫോൺ വീട്ടുകാർ വാങ്ങി വെച്ചതിലുള്ള മനോവിഷമത്തിൽ കാശിക്ക് പോകുകയാണെന്നും ഇനിയുള്ള കാലം ദൈവത്തിൽ അലിയുമെന്നും കത്തെഴുതി വെച്ച് ശിവസൂര്യ നാടുവിട്ടത്. കാണാതായി 25 ദിവസങ്ങൾ പിന്നിട്ടിട്ടും കുട്ടിയെക്കുറിച്ച് വ്യക്തമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
പെരിങ്ങത്തൂർ, പാനൂർ, തലശ്ശേരി, കോഴിക്കോട്, വടകര തുടങ്ങിയ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങളും റെയിൽവേ സ്റ്റേഷനുകളും കേന്ദ്രീകരിച്ച് പോലീസ് മുൻപ് അന്വേഷണം നടത്തിയിരുന്നു. തലശ്ശേരി എഎസ്പി നന്ദഗോപന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസ് കൈകാര്യം ചെയ്യുന്നത്. ശിവസൂര്യ വീട് വിട്ട് ഇറങ്ങുമ്പോൾ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.































