ബംഗളൂരു : കേരളത്തില്‍ നിന്നുള്ള രോഗികളെ പ്രവേശിപ്പിക്കരുതെന്ന വിവാദ ഉത്തരവ് കര്‍ണാടക പിന്‍വലിച്ചു. മംഗളൂരുവിലെ ആശുപത്രികളില്‍ കേരളത്തില്‍ നിന്നുള്ളവരെ പ്രവേശിപ്പിക്കരുതെന്നായിരുന്നു കര്‍ണാടകയുടെ ഉത്തരവ്. ആശുപത്രികള്‍ക്ക് രേഖാമൂലം കര്‍ണാടക ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കി.
ഏപ്രില്‍ രണ്ടിനാണ് കേരളത്തില്‍ നിന്നുള്ള രോഗികള്‍ക്കും വാഹനങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയത്. കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്നാണ് കര്‍ണാടക പറഞ്ഞിരുന്നത്. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി വിലക്ക് അനിവാര്യമാണെന്നും കര്‍ണാടക വ്യക്തമാക്കിയിരുന്നു. ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
അതേസമയം അതിര്‍ത്തികള്‍ തുറക്കുന്ന കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല. അതിര്‍ത്തികള്‍ തുറന്ന് നല്‍കണമെന്ന കേരള ഹൈകോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി നിരാകരിച്ചിരുന്നു.