ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം. എട്ടാംക്ലാസുകാരിയുൾപ്പെടെ നാലു കൗമാരക്കാർ ആസൂത്രിതമായി നടത്തിയ കൊലപാതകം ദേശീയതലത്തിലും ചർച്ചയായിരുന്നു. സുപ്രീംകോടതി നിയോഗിച്ച ബാലാവകാശ നിയമവിദഗ്ധർ തിങ്കളാഴ്ച കുറ്റാരോപിതരായ കുട്ടികളുമായി വീഡിയോ കോളിലൂടെ സംസാരിച്ചു. കോഴിക്കോട്ടെ നിരീക്ഷണകേന്ദ്രത്തിൽ കഴിയുന്ന പെൺകുട്ടിയുമായും ചേർത്തല മായിത്തറയിലെ നിരീക്ഷണകേന്ദ്രത്തിൽ കഴിയുന്ന മൂന്നുപേരുമായാണ് സംസാരിച്ചത്. കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ നിർദേശിച്ചതായാണു വിവരം.
കുട്ടികൾ കുറ്റാരോപിതരാകുന്ന കേസിന്റെ വിചാരണാവേളയിലടക്കം സുപ്രീംകോടതി നിയോഗിക്കുന്ന നിയമവിദഗ്ധരുടെ നിരീക്ഷണമുണ്ടാകും. ഇതിന്റെ ഭാഗമായാണ് കരുവാറ്റ കേസിലെ ഇടപെടലെന്നാണ് നിയമവിദഗ്ധർ വിലയിരുത്തുന്നത്. ഹൈക്കോടതി കേന്ദ്രമായ കേരള നിയമസഹായ സമിതിയിലെ അംഗങ്ങൾ മായിത്തറയിലെ നിരീക്ഷണകേന്ദ്രത്തിലെത്തി മൂന്നു കുട്ടികളുമായി സംസാരിച്ച് വിവരം ശേഖരിച്ചു. അടുത്തദിവസം ഇവർ കോഴിക്കോട് പോയി പെൺകുട്ടിയെയെും കാണും. അപൂർവങ്ങളിൽ അപൂർവമായ കേസ് നിയമകേന്ദ്രങ്ങളിൽ ചർച്ചയായിട്ടുണ്ട്.






























