അടൂർ : കരുവാറ്റ–തട്ട റോഡിന്റെ നവീകരണം പൂർത്തീകരിച്ചില്ല. വലഞ്ഞ് യാത്രക്കാര്‍. 2019ലാണ് ഈ റോഡ് നവീകരിക്കുന്നതിനു കരാർ ആയത്. 3.5 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിന്റെ നവീകരണം കരാർ എടുത്ത കരാറുകാരൻ ഇടയ്ക്കിടയ്ക്കായി 1.5 കിലോമീറ്റർ ബിഎം ചെയ്തതിനു ശേഷം പണി ഉപേക്ഷിച്ചു പോവുകയായിരുന്നു. ഇതോടെ പണിമുടങ്ങി. പിന്നീട് പണികൾ ഒന്നും നടക്കാത്തതിനാൽ റോഡിപ്പോൾ തകർന്ന് യാത്ര ചെയ്യാൻ പറ്റാത്ത സ്ഥിതിയാണ്. തറയിലിൽപ്പടി, ഇവി നഗർ, ഗുരുമന്ദിരം ജംഗ്ഷൻ, കനാൽപാലം തുടങ്ങിയ ഭാഗങ്ങളിലാണ് റോഡ് തകർന്നു കിടക്കുന്നത്.
തറയിൽപ്പടിയിൽ ഭാഗത്ത് വലിയ കുഴിയായി കിടക്കുകയാണ്. മഴയായതോടെ അവിടെ ഇപ്പോൾ ചെളിക്കുളമായി മാറുകയും ചെയ്തു. ഉടൻ പണി തുടങ്ങിയില്ലെങ്കിൽ സമരം നടത്താനാണ് നാട്ടുകാരുടെ തീരുമാനമെന്ന് നഗരസഭാ കൗൺസിലർ ഗോപു കരുവാറ്റ പറഞ്ഞു. അതേ സമയം ഈ റോഡിന്റെ പണി ഏറ്റെടുത്ത കരാറുകാരൻ പണി പൂർത്തീകരിക്കാത്തതിനാൽ ആ കരാറുകാരനെ നീക്കിയതായും ഇനിയും പൂർത്തീകരിക്കേണ്ട ഭാഗത്തെ പണികൾ ചെയ്യാൻ റീ–ടെൻഡർ ചെയ്യണമെന്നും ഇതിനുള്ള നടപടികൾ നടന്നു വരികയാണെന്നും ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അറിയിച്ചു.