തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ എസ്.എഫ്.ഐ ആള്‍മാറാട്ടത്തിന്റെ പശ്ചാത്തലത്തില്‍ കേസെടുക്കാതെ പോലീസ്. ആള്‍മാറാട്ടവും വ്യാജരേഖ ചമക്കലും വ്യക്തമായി തെളിഞ്ഞിട്ടും കേസെടുക്കാത്തതില്‍ പോലീസ് കൃത്യമായ വിശദീകരണം നല്‍കുന്നില്ല. സംഭവത്തില്‍ ഇതുവരെ പരാതി കൊടുക്കാന്‍ മടിച്ച കേരള സര്‍വ്വകലാശാല നാളെ സിണ്ടിക്കേറ്റ് യോഗം ചേര്‍ന്ന് പരാതി നല്‍കാനാണ് നീക്കം. ബുധനാഴ്ച രാവിലെ ഇ മെയില്‍ വഴിയാണ് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. ഈ പരാതി തുടര്‍നടപടിക്കായി ഇതുവരെ താഴേതട്ടിലേക്ക് കൈമാറിയിട്ടില്ല.
സംഭവത്തില്‍ പരാതി കിട്ടിയിട്ടില്ലെന്നാണ് കാട്ടാക്കട പോലീസിന്റെ വിശദീകരണം. പ്രിന്‍സിപ്പലിനെതിരെയും വിശാഖിനെതിരെയും കേസെടുക്കാനുള്ള എല്ലാ തെളിവുകളും ബാക്കിനില്‍ക്കെയാണ് ഉഴപ്പല്‍. വിവാദത്തെ തുടര്‍ന്ന് ആരോപണ വിധേയനായ വിശാഖിനെ സി.പി.ഐ.എം പുറത്താക്കിയിരുന്നു. ലോക്കല്‍ കമ്മിറ്റി അംഗമായ വിശാഖിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് പുറത്താക്കിയത്. ജില്ലാ സെക്രട്ടറിയേറ്റിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു നടപടി.