തിരുവനന്തപുരം : നെഹ്റു ട്രോഫി വളളംകളിയുമായി ബന്ധപ്പെട്ട കേന്ദ്രമന്ത്രി വി. മുരളീധരന്‍റെ പ്രസ്താവനയെ കടുത്ത ഭാഷയിൽ വിമർശിച്ച് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. മുരളീധരന്‍റെ പ്രസ്താവന ആളുകളെ വിഡ്ഢികളാക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രിയുടെ പദവിക്ക് ചേരാത്ത പ്രസ്താവന നടത്തിയ മുരളീധരൻ മാപ്പുപറയണമെന്നും കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു.
മുൻപ്രധാനമന്ത്രി ജവഹർലാൽ നെഹ്റു വള്ളംകളിക്കാരനായിട്ടാണോ കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ വളളംകളിക്ക് നെഹ്റു ട്രോഫി വളളംകളിയെന്ന് പേരിട്ടതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ ചോദിച്ചിരുന്നു. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജിയുടെ ആക്കുളത്തുളള ക്യാമ്പസിന് ആർഎസ്എസ് താത്വികാചാര്യൻ ഗോൾവാൾക്കറുടെ പേരു നൽകാനുളള കേന്ദ്ര സർക്കാർ തീരുമാനത്തെ ന്യായീകരിച്ച് സംസാരിക്കുന്നതിനിടയിലാണ് ഇത്തരമൊരു പ്രസ്താവന മുരളീധരന്‍റെ ഭാഗത്ത് നിന്നുണ്ടായത്.
പെരിന്തൽമണ്ണയിലെ സർക്കാർ കോളേജിന് പൂക്കോയ തങ്ങളിന്‍റെ പേര് നൽകിയതും മുരളീധരൻ ചൂണ്ടിക്കാണിച്ചു. മുസ്ലീംലീഗിന്റെ പ്രസിഡന്റായിരുന്നു എന്ന് മാത്രമാണ് പൂക്കോയ തങ്ങളിന് നൽകാവുന്ന വിശേഷണം. എം.എൽ.എ. പോലുമല്ലാതിരുന്ന ഒരാളുടെ പേരിൽ കോളേജ് സ്ഥാപിക്കുന്നതിൽ കോൺഗ്രസുകാർക്ക് ബുദ്ധിമുട്ടില്ലെന്നും പക്ഷേ ദേശീയവാദിയായ ഗോൾവാൾക്കരുടെ പേര് നൽകുന്നതാണ് അവർക്ക് പ്രശ്നമെന്നും മുരളീധരൻ കുററപ്പെടുത്തിയിരുന്നു.
അതേസമയം തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് മറ്റൊരുപാർട്ടിയുമായും സഖ്യമില്ലെന്ന് വേണുഗോപാൽ ആവർത്തിച്ചു. എം.എം. ഹസനെ തള്ളിയ കെ.സി. വേണുഗോപാൽ കെ.പി.സി.സി. പ്രസിഡന്റ് പറയുന്നതാണ് പാർട്ടിയുടെ നിലപാടെന്നും യു.ഡി.എഫ്. കൺവീനർ പറയുന്നതല്ലെന്നും വേണുഗോപാൽ വ്യക്തമാക്കി.