തിരുവനന്തപുരം : കേരളത്തിലെ താരങ്ങൾക്കുള്ള മികച്ച അവസരമാണ് കേരള ക്രിക്കറ്റ് ലീഗെന്ന് വിൻഡീസ് ഇതിഹാസം ക്രിസ് ഗെയ്ൽ. കെസിഎൽ പോലുള്ള ടൂർണമെന്റുകളിലൂടെ താരങ്ങൾ ഉയർന്നുവരണമെന്നും ഗെയ്ൽ പറഞ്ഞു. കെ.സി.എല്ലുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെത്തിയപ്പോഴായിരുന്നു ഗെയ്ലിന്റെ പ്രതികരണം. കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ സഹ ഉടമ കൂടിയാണ് ഗെയ്ൽ. മുൻപ് ഒരിക്കൽ കേരളത്തിൽ വന്നിട്ടുണ്ട്. കേരളത്തിലേക്ക് തിരികെ എത്തിയതിൽ ഒരുപാട് സന്തോഷം. ഒരു സുഹൃത്ത് വഴിയാണ് കെസിഎൽ ടീമിന്റെ ഭാഗമാകുന്നത്. ഒരുപാട് മികച്ച താരങ്ങൾ കേരളത്തിൽ ഉണ്ട്. അവർക്കുള്ള മികച്ച അവസരമാണ് കെസിഎൽ. ഇതുപോലുള്ള ടൂർണമെന്റുകളിലൂടെ അവർ ഉയർന്നുവരണം-ഗെയ്ൽ പറഞ്ഞു.
പുതിയ റോൾ ആസ്വദിക്കുന്നതായും ക്രിസ് ഗെയ്ൽ വ്യക്തമാക്കി. കളിക്കാരന്റെ കരിയർ അവസാനിപ്പിച്ചശേഷവും ക്രിക്കറ്റുമായുള്ള ബന്ധം തുടരുന്നുണ്ട്. പുതിയ കളിക്കാരുടെ മെന്ററായി പ്രവർത്തിക്കും. താരങ്ങളുമായി അനുഭവങ്ങൾ പങ്കുവെക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ നിരവധി പ്രതിഭകളുണ്ട്. കേരളത്തിലുമുണ്ട് മികച്ച താരങ്ങൾ. ഐപിഎല്ലിലൂടെ അത് കാണുന്നുണ്ടെന്നും ഗെയ്ൽ പറഞ്ഞു. വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന് ഇനിയും ഏറെ മുന്നോട്ട് പോകുന്നുണ്ടെന്നും അദ്ദേഹം നിരീക്ഷിച്ചു.
കേരളത്തിലെ ഭക്ഷണം വളരെ മികച്ചതാണെന്നും മത്സ്യവിഭവങ്ങൾ ഇഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. ഗെയ്ൽ ശനിയാഴ്ച കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ബാറ്റേന്തും. ഉച്ചയ്ക്ക് 2.30-ന് കൊച്ചി ബ്ലൂ ടൈഗേഴ്സും തൃശ്ശൂർ ടൈറ്റൻസുമായുള്ള മത്സരത്തിനു മുൻപാണ് ആരാധകർക്കായി ഗെയ്ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.
































