തിരുവനന്തപുരം : പന ഉത്‌പന്നങ്ങളുടെ മൂല്യവർദ്ധന ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെൽപാമിന്റെ പെറ്റ് ബോട്ടിൽ യൂണിറ്റിൽ ഉത്പാദിപ്പിച്ച കോളകൾ വിപണിയിലെത്തി. ചേംബറിൽ നടന്ന ചടങ്ങിൽ വ്യവസായ മന്ത്രി ഇ.പി. ജയരാജൻ ചലച്ചിത്രതാരം മഞ്ജു വാര്യർക്ക് കോള നൽകി വിപണനോദ്ഘാടനം നിർവഹിച്ചു.
വ്യവസായ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം. പ്രകാശൻ മാസ്റ്റർ, കെൽപാം ചെയർമാൻ കെ. തങ്കപ്പൻ, മാനേജിംഗ് ഡയറക്‌ടർ ആർ. അശോകൻ, റിയാബ് ചെയർമാൻ ശശിധരൻ നായർ, സ്‌പിന്നിംഗ് മിൽ ചെയർമാൻ എം.എം. ബഷീർ, സംസ്ഥാന വികലാംഗ വികസന കോർപ്പറേഷൻ ചെയർമാൻ പരശുവക്കൽ മോഹൻ തുടങ്ങിയവർ പങ്കെടുത്തു. പനംപഞ്ചസാര ഉപയോഗിച്ച് ഓറഞ്ച്, ജീരകം, പാം, ജിഞ്ചർ, ലെമൺ, ഗുവ എന്നീ രുചികളിലാണ് തിരുവനന്തപുരത്തെ യൂണിറ്റിൽ കോളകൾ ഉത്പാദിപ്പിക്കുന്നത്. വർഷം മൂന്നു കോടി രൂപയുടെ വില്പന പ്രതീക്ഷിക്കുന്നു.
250 മില്ലീലിറ്റർ ബോട്ടിലിന് വില 18 രൂപ. തിരുവനന്തപുരത്തും പാലക്കാടുമായി രണ്ട് ഉത്പാദന യൂണിറ്റുകളാണ് കെൽപാമിനുള്ളത്. പനം സർബത്ത്, പനം കൽക്കണ്ടം, പനം കരുപ്പട്ടി , പനം കിഴങ്ങും തേനും ചേർത്തു കുട്ടികൾക്കുള്ള പോഷകാഹാരം എന്നിവ ഉത്പാദിപ്പിക്കാൻ കെൽപാം ശ്രമം തുടങ്ങിയിട്ടുണ്ട്.