തിരുവനന്തപുരം : കേരള ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് മൂന്നാഴ്ചത്തേക്ക് സ്‌റ്റേ ചെയ്ത് ഹൈക്കോടതി. നിലവിലെ സാഹചര്യത്തില്‍ സംസ്ഥാന വ്യാപകമായി തെരഞ്ഞെടുപ്പ് നടത്തുന്നത് കൊവിഡ് ചട്ടങ്ങളുടെ ലംഘനമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി. സെപ്റ്റംബര്‍ 25 നാണ് സംസ്ഥാന ഭരണ സമിതി തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്.
കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടത്തുന്നത് സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും തീവ്ര വ്യാപനത്തിന് കാരണമാവുമെന്നും ജസ്റ്റിസ് രാജ വിജയ രാഘവന്‍ ചൂണ്ടിക്കാട്ടി.
റിസര്‍വ്വ് ബാങ്കിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിന് അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ സര്‍ക്കാര്‍ സമയം തേടിയതും കോടതി കണക്കിലെടുത്തു.
പള്ളിക്കാട് സര്‍വ്വീസ് സഹകരണ ബാങ്കിന്റെയും കുറവട്ടൂര്‍ സഹകരണ ബാങ്കിന്റെയും പ്രസിഡന്റുമാര്‍ നല്‍കിയ ഹർജിയിലാണ് കോടതി ഇടപെടല്‍. മലപ്പുറം ജില്ലാ ബാങ്ക് ലയനം പൂര്‍ത്തിയാവാതെയാണ് തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നതെന്ന് ഹർജിക്കാര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ തെരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിച്ചു എന്നും ഈ ഘട്ടത്തില്‍ കോടതി ഇടപെടല്‍ ഒഴിവാക്കണമെന്നുമുള്ള സര്‍ക്കാര്‍ ആവശ്യം കോടതി അംഗീകരിച്ചില്ല.