കണ്ണൂർ : കഴിഞ്ഞ തവണ വിമതനായി വിജയിച്ചയാൾക്ക് സീറ്റ് നൽകുന്നതിനെച്ചൊല്ലി കണ്ണൂർ കോർപറേഷനിൽ കോൺഗ്രസ് സ്ഥാനാർഥി നിർണയ യോഗത്തിൽ കൂട്ടത്തല്ല‌്. നാലുപേർക്ക് പരിക്കേറ്റു. കെപിസിസി ജനറൽ സെക്രട്ടറിയടക്കമുള്ള നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ചേരിതിരിഞ്ഞ് അടി.
ഒന്നാം ഡിവിഷൻ പള്ളിയാംമൂലയിലാണ് സംഭവം. രതീശൻ പള്ളിയാംമൂല, ഷൈജു, ഷിനോജ്, ദീപേഷ് എന്നിവർക്കാണ് പരിക്കേറ്റത്. പള്ളിയാംമൂല എൽപി സ്‌കൂളിൽ ചേർന്ന യോഗത്തിൽ ഡിവിഷൻ സ്ഥാനാർഥിയായി മണ്ഡലം പ്രസിഡന്റ് ഉമേഷ് കണിയാങ്കണ്ടിയുടെ പേരാണ് ഔദ്യോഗിക വിഭാഗം നിർദേശിച്ചത്.
എന്നാൽ ഡെപ്യൂട്ടി മേയർ പി കെ രാഗേഷിനെ മത്സരിപ്പിക്കണമെന്ന് അനുയായികൾ ശഠിച്ചു. ബഹളം മൂത്തതോടെ രാഗേഷിന്റെ പേരു നിർദേശിച്ചവരെ മറുവിഭാഗക്കാർ അടിച്ചുവീഴ്‌ത്തി. തുടർന്ന് കൂട്ടത്തല്ലായി. യോഗത്തിൽ പങ്കെടുത്ത കെപിസിസി ജനറൽ സെക്രട്ടറി മാർട്ടിൻ ജോർജ്, ഡിസിസി ജനറൽ സെക്രട്ടറി സുരേഷ് ബാബു എളയാവൂർ എന്നിവർക്കുനേരെയും കൈയേറ്റശ്രമമുണ്ടായി.