തിരുവനന്തപുരം : സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി കേരള ഫിലിം ചേംബർ. കൊവിഡിൽ മലയാള സിനിമ വ്യവസായം സ്തംഭിച്ചിട്ടും സർക്കാർ ദിവസ വേതന തൊഴിലാളികളെ സഹായിക്കുന്നില്ലെന്നാണ് ചേംബറിന്റെ ആരോപണം. കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്ന നിർമ്മാതാക്കളെ സഹായിക്കാൻ താരങ്ങളും രംഗത്ത് വരണമെന്ന് ഫിലിം ചേംബർ ആവശ്യപ്പെട്ടു.
മലയാളത്തിലെ ചില പ്രമുഖ താരങ്ങൾ ദിവസ വേതനക്കാരെ സഹായിക്കാൻ രംഗത്തു വന്നിരുന്നു. പക്ഷേ അതുകൊണ്ടു മാത്രം ഈ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കഴിയില്ലെന്നാണ് ഫിലിം ചേംബറിന്റെ വിലയിരുത്തൽ. തീയേറ്ററുകൾ അടഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് അൻപതു ദിവസത്തിലധികം പിന്നിടുന്നു. കടുത്ത പ്രതിസന്ധിയിലേക്കാണ് മലയാള സിനിമ പോയി കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ സർക്കാർ കൃത്യമായൊരു സാമ്പത്തിക പാക്കേജ് കൊണ്ടു വരണമെന്നാണ് ചേംബറിന്റെ ആവശ്യം.
കാലാകാലങ്ങളായി നികുതി ഇനത്തിൽ വിലയൊരു തുക സർക്കാരിലെത്തിക്കുന്നത് സിനിമ വ്യവസായമാണ്. അതുകൂടി കണക്കിലെടുത്ത് സർക്കാർ ദിവസ വേതനക്കാരുടെ കാര്യത്തിലെങ്കിലും ഇടപെടണമെന്നും ഫിലിം ചേംബർ ആവശ്യപ്പെടുന്നു. അടഞ്ഞു കിടക്കുന്ന തീയേറ്ററുകളുടെ ലൈസൻസ് പുതുക്കൽ, വൈദ്യുതി ചാർജ് ഈടാക്കൽ തുടങ്ങിയ കാര്യങ്ങളിൽ ഇളവ് നൽകണമെന്നും ചേംബർ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് നിവേദനം സമർപ്പിച്ചിരുന്നുവെങ്കിലും കാര്യമായ പ്രതികരണം ലഭിച്ചിട്ടില്ലെന്നും ആരോപണമുണ്ട്.