പത്തനംതിട്ട : കേരള ഫോക് ലോർ അക്കാദമിയുടെ 2018ലെ അവാർഡുകൾ പ്രഖ്യാപിച്ചു. ഇലന്തൂർ പടയണിയിൽ നിന്ന് രണ്ട് കലാകാരന്മാർക്ക് സർക്കാരിന്റെ അംഗീകാരം ലഭിച്ചു.
നാടൻ കലാരംഗത്തെ പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനമായി സർക്കാർ നൽകുന്ന അവാർഡ് കെ അശോക് കുമാറിനും യുവപ്രതിഭാ പുരസ്കാരം ഇലന്തൂർ പടയണിയിലെ യുവ കലാകാരൻ അനീഷ് വി നായർക്കുമാണ്. പ്രകൃതിയുടെ മുഖം പാളക്കോലങ്ങളിൽ, പടേനിയിലെ കാണാപ്പുറങ്ങൾ, കാലൻകോലത്തിന്റെ അർത്ഥതലങ്ങൾ തുടങ്ങിയ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. പടയണി പാട്ടുകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അശോക് കുമാർ 15 വർഷമായി ഇലന്തൂർ ശ്രീദേവി പടയണി സംഘത്തിന്റെ പ്രസിഡന്റാണ്. നിരവധി ക്ഷേത്രങ്ങളിലും സാംസ്കാരിക മേഖലകളിലും സ്കൂളുകളിലും കോളേജുകളിലും പടയണി അവതരിപ്പിക്കുന്നതിന് നേതൃത്വം നൽകുന്നുണ്ട് .
യുവപ്രതിഭാ പുരസ്കാരം നേടിയ അനീഷ് വി നായർ സർക്കാരിന്റെ വജ്രജൂബിലി ഫെലോഷിപ്പ് അംഗവും പരിസ്ഥിതി പ്രവർത്തകനുമാണ്. അനീഷിന്റെ നേതൃത്വത്തിൽ സഹസ്രവൃക്ഷായനം എന്ന പദ്ധതിയിൽ തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള ആരാധനാലയങ്ങളുടെ പരിസരങ്ങളിൽ ഔഷധ സസ്യങ്ങൾ വച്ച് പിടിപ്പിച്ചു കൊണ്ടിരിക്കുന്നു.