തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദത്തിന്റെ ഫലമായി കേരളത്തില്‍ ഇന്നുമുതല്‍ മൂന്നുദിവസം കൂടി പരക്കെ മഴയുണ്ടാകുമെന്നു കാലാവസ്ഥാ ഗവേഷണ കേന്ദ്രം. വടക്കന്‍ കേരളത്തില്‍ മഴയുടെ ശക്തി കൂടുതലായിരിക്കും. ശരാശരി 10 സെന്റീമീറ്റര്‍ മഴപ്രതീക്ഷിക്കാമെന്നാണു കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല റഡാര്‍ ഗവേഷണ കേന്ദ്രത്തിന്റെ നിഗമനം. തെക്കന്‍ കേരളത്തില്‍ അതിശക്ത മഴയ്ക്ക് സാധ്യത കുറവാണ്. മധ്യകേരളത്തില്‍ സാമാന്യം മികച്ച മഴ ലഭിക്കും.
രണ്ടാഴ്ച കൂടി കഴിയുമ്പോള്‍ സംസ്ഥാനത്ത് തുലാവര്‍ഷമെത്തിയേക്കുമെന്നാണ് സൂചന. ഇന്ന് കോട്ടയത്തും ഇടുക്കിയിലും ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റെല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. നാളെ എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും 21ന് ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
24 മണിക്കൂറിനുള്ളില്‍ 11 സെന്റീ മീറ്റര്‍ മുതല്‍ 20 സെന്റീ മീറ്റര്‍ വരെ മഴയാണ് ഓറഞ്ച് അലര്‍ട്ട് മേഖലകളില്‍ പ്രതീക്ഷിക്കുന്നത്. ജൂണ്‍ ഒന്നു മുതല്‍ ഇന്നലെ വരെ 4 ശതമാനം അധികമഴയാണ് സംസ്ഥാനത്ത് ലഭിച്ചിട്ടുള്ളത്. 194 സെന്റിമീറ്റര്‍ മഴ കിട്ടേണ്ട സ്ഥാനത്ത് 202 സെന്റീ മീറ്റര്‍ മഴ ലഭിച്ചതായാണ് കണക്ക്. വയനാട്ടില്‍ മാത്രമാണ് മഴക്കുറവുള്ളത്. ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ കേരളതീരത്ത് മീന്‍ പിടിക്കാന്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.