തിരുവനന്തപുരം : ലോക്ക്ഡൗണ്‍ ഇളവ് സംബന്ധിച്ച നിർദേശങ്ങൾ സംസ്ഥാന സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ചു. റെഡ് സോണിലൊഴികെയുളള മേഖലകളിൽ നിയന്ത്രണങ്ങൾ ഭാഗിക തോതിൽ ഒഴിവാക്കണമെന്നാണ് സർക്കാർ നിലപാട്. മാനദണ്ഡങ്ങൾ പാലിച്ച് സംസ്ഥാനത്തിനുളളിൽ പൊതുഗതാഗതം പുന:രാരംഭിക്കാൻ അനുവദിക്കണമെന്നും കേരളം ആവശ്യപ്പെട്ടു.
ലോക്ക്ഡൗണിൽ ഇളവ് വരുത്താൻ സംസ്ഥാനങ്ങൾക്ക് വിവേചനാധികാരം നൽകണമെന്ന് പ്രധാനമന്ത്രിയുമായുളള വീഡിയോ കോൺഫറൻസിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. നാലാംഘട്ട ലോക്ക്ഡൗണ്‍
വ്യത്യസ്തമായിരിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തിന്റെ ആവശ്യം അംഗീകരിക്കപ്പെടുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.
സുരക്ഷയൊരുക്കി സംസ്ഥാനത്തിനകത്ത് അഭ്യന്തര വിമാന സർവീസും ട്രെയിൻ സർവീസും പുന:രാരംഭിക്കണമെന്നാണ് കേരളം മുന്നോട്ട് വെച്ച പ്രധാന നിർദേശം. മുംബൈ, അഹമ്മദാബാദ്, ഡൽഹി, ചെന്നൈ, ബംഗളൂരു, കൊൽക്കത്ത തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് കേരളത്തിലേക്ക് നോൺ സ്റ്റോപ് ട്രെയിൻ അനുവദിക്കണം. യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തി ജില്ലയ്ക്കകത്ത് ബസ് സർവീസ് പുന:സ്ഥാപിക്കണം. കണ്ടെയ്ൻമെൻറ് സോൺ ഒഴികെയുളള സ്ഥലങ്ങളിൽ വ്യവസായ പ്രവർത്തനങ്ങൾക്ക് അനുമതി നൽകണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്.
റസ്റ്റോറന്റുകൾ ശാരീരിക അകലം പാലിച്ച് പുന:രാരംഭിക്കണമെന്നാണ് കേരളം മുന്നോട്ട് വെച്ച മറ്റൊരു നിർദേശം. കർശനമായ വ്യവസ്ഥകളോടെ ഓട്ടോറിക്ഷകൾ ഓടിക്കാൻ അനുവദിക്കാവുന്നതാണ്. തൊഴിലുറപ്പ് കാർഷികവൃത്തിക്കു കൂടി ബാധകമാക്കണമെന്ന നിർദേശവും സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ചിട്ടുണ്ട്.