പാളയത്തിലെ പടപ്പുറപ്പാട് പി.ജെ ജോസഫിന് തീരാതലവേദന ; മോന്‍സ് ജോസഫ് മാണി ഗ്രൂപ്പില്‍ തിരികെയെത്തും

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ : അയോഗ്യത കല്‍പ്പിക്കുമോ എന്നു ഭയന്നിരിക്കുന്ന പി.ജെ ജോസഫിന് പാളയത്തിലും ശത്രുക്കള്‍ ഏറെ. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നും തിരിച്ചടി നേരിട്ടെങ്കിലും ജോസ് കെ മാണിയുടെ കൂട്ടത്തില്‍ നിന്നും പുതുശ്ശേരി അടക്കമുള്ള നേതാക്കന്മാര്‍ തങ്ങളുടെ ചേരിയിലിലെത്തിയത് തനിക്കു ശുക്രനാണെന്നു കരുതിയ ജോസഫിന് ചുവടു പതറുന്നുവോ.

ജോസഫ് വിഭാഗത്തില്‍ പ്രബലമായ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ അഭിപ്രായഭിന്നത അതിന്റെ മൂര്‍ദ്ധന്ന്യാവസ്ഥയിലാണ്. പാളയത്തിലെ പടപ്പുറപ്പാട് ജോസഫിന് തീരാതലവേദനയായി മാറിയിരിക്കുകയാണ്. പാര്‍ട്ടിയില്‍ ആധിപത്യം ഉറപ്പിക്കുവാന്‍ മോന്‍സ് ജോസഫ് എംഎല്‍എയുടേയും മുന്‍ എം പി  ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെയും നേതൃത്വത്തില്‍ നടക്കുന്ന അധികാര വടംവലി പി ജെ ജോസഫിനെ അരക്കില്ലത്തിലടച്ച സ്ഥിതിവിശേഷത്തിലാണ് എത്തിക്കുന്നത്. രാജ്യസഭ തെരഞ്ഞെടുപ്പും അവിശ്വാസപ്രമേയവും അത് സൃഷ്ടിച്ച അലയൊലികളും പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കിയിരിക്കുകയാണ് കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍. ഇടഞ്ഞു നില്‍ക്കുന്ന മോന്‍സ് ജോസഫ് മാണി ഗ്രൂപ്പില്‍ തിരികെയെത്താനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയില്ല. രഹസ്യ ചര്‍ച്ചകള്‍ക്ക് സഭാനേത്രുത്വത്തില്‍ ചിലര്‍ തുടക്കമിട്ടുകഴിഞ്ഞു.

മോന്‍സ് ജോസഫ് എംഎല്‍എ, തോമസ് ഉണ്ണിയാടന്‍, വിക്ടര്‍ ടി തോമസ്, വി ജെ ലാലി, വര്‍ഗീസ് മാമന്‍, ഡി.കെ.ജോണ്‍ , കുഞ്ഞു കോശി പോള്‍, റോജസ് സെബാസ്റ്റ്യന്‍, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്മാര്‍, പ്രിന്‍സ് ലൂക്കോസ്, രാകേഷ് ഇടപ്പുര എന്നിവരാണ് ഈ പക്ഷത്ത് സജീവമായി നിലയുറപ്പിച്ചത്, മറുചേരിയില്‍ ജോയ് എബ്രഹാം, എം പി പോളി, വക്കച്ചന്‍ മറ്റത്തില്‍, സജി മഞ്ഞക്കടമ്പില്‍, സാജന്‍ ഫ്രാന്‍സിസ്, മൈക്കിള്‍ ജെയിംസ്, അജിത്ത് മുതിരമല, എബ്രഹാം കലമണ്ണില്‍, ഷീല സ്റ്റീഫന്‍ എന്നീ പ്രമുഖരും ഉണ്ട്. രാജ്യസഭ വോട്ടെടുപ്പിലും അവിശ്വാസ പ്രമേയം ചര്‍ച്ചാവേളയിലും വിട്ടുനില്‍കണമെന്നായിരുന്നു മോന്‍സ് ജോസഫ് അടങ്ങുന്ന നേതൃനിരയുടെ അഭിപ്രായം. തത്വത്തില്‍ ജോസഫിനും ആദ്യ റൗണ്ടില്‍ ഇതേ അഭിപ്രായമായിരുന്നു,

പക്ഷേ ഫ്രാന്‍സിസ് ജോര്‍ജ് , ജോയി എബ്രഹാം അടങ്ങുന്ന രണ്ടാം നിരക്കാര്‍ യുഡിഎഫ് അനുകൂല നിലപാട് ഉയര്‍ത്തി വോട്ട് ചെയ്യുകയും മറുപക്ഷത്തിന് വിപ്പ് നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഈ തീരുമാനം പിന്നീട് ജോസഫ് അംഗീകരിച്ചു നടപ്പിലാക്കി. സ്പീക്കര്‍ക്ക് പരാതി ജോസ് കെ മാണി പക്ഷം നല്‍കിയപ്പോള്‍ തന്നെ അപകടം മണത്ത ജോസഫ് വിഭാഗം ചില മധ്യസ്ഥരെ ഉപയോഗിച്ച് ജോസ് കെ മാണിയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെങ്കിലും അത് മുഖവിലയ്‌ക്കെടുക്കാതെ കലിപ്പ് തീര്‍ക്കാനായിരുന്നു ജോസിന്റെ തീരുമാനം. അതിന്റെ ഭാഗമായി ജോസഫിനെയും  മോന്‍സിനെയും അയോഗ്യരാക്കണമെന്നു സ്പീക്കര്‍ക്ക് കത്തു നല്‍കുകയും ചെയ്തു.

ഹൈക്കോടതിയില്‍ നല്‍കിയ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയുള്ള കേസില്‍ ഉണ്ടായ സ്റ്റേ താല്‍ക്കാലിക വിജയം മാത്രമാണെന്നും മേല്‍ക്കോടതിയില്‍ നിന്ന് തങ്ങള്‍ക്കനുകൂലമായി യാതൊരു വിജയവും ഉണ്ടാകാന്‍ ഇടയില്ലെന്നും ജോസഫ് പക്ഷം തിരിച്ചറിഞ്ഞു കഴിഞ്ഞു. സ്പീക്കര്‍ക്കും ജോസ് പക്ഷത്തിന് അനുകൂലമായ നിയമോപദേശം ആണ് ലഭിച്ചിരിക്കുന്നത്. ഒരുപക്ഷേ അയോഗ്യതയിലേക്കും അതുവഴി ആറു വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ നിന്ന് മാറിനില്‍ക്കേണ്ട സാഹചര്യത്തിലേക്കും പി ജെ ജോസഫിനേയും മോന്‍സിനെയും കൊണ്ട് ചെന്ന് എത്തിച്ചത് ഫ്രാന്‍സിസ് ജോര്‍ജിന്റേയും ജോയ് എബ്രഹാമിന്റെയും പിടിവാശി ആണെന്ന് മോന്‍സ് ജോസഫ് എംഎല്‍എയെ അനുകൂലിക്കുന്നവര്‍ കരുതുന്നു.

പി.ജെ ജോസഫിന്റെ മകന്‍ അപ്പു ജോസഫിനും ഇതേ അഭിപ്രായമാണുള്ളത്. കോട്ടയം ജില്ലയില്‍ ഏറ്റുമാനൂര്‍ സീറ്റ് വാഗ്ദാനം ചെയ്ത് പ്രിന്‍സ് ലൂക്കോസിനെ പാര്‍ട്ടിയിലേക്ക് കൊണ്ടുവന്നതില്‍ സജി മഞ്ഞക്കടമ്പന്‍ അസ്വസ്ഥനാണ്. കേരള കോണ്‍ഗ്രസ് എമ്മില്‍ ഉണ്ടായിരുന്ന സമയത്ത് സജിയും പ്രിന്‍സും കീരിയുംപാമ്പും ആയിരുന്നു. തിരുവല്ല സീറ്റ് ഓഫര്‍ ചെയ്ത് ജോസഫ് എം പുതുശ്ശേരിയെ കോണ്‍ഗ്രസിന്റെ സമ്മര്‍ദത്തിന് വഴങ്ങി സ്വീകരിച്ചത് വിക്ടര്‍ ടി തോമസിനും എതിരഭിപ്രായം ഉണ്ടാക്കി. കുട്ടനാട് സീറ്റില്‍ തനിക്കെതിരെ വിമതനായി മത്സരിച്ച പഴയ മാണി ഗ്രൂപ്പുകാരനായ ജോസ് കോയിപ്പള്ളിയെ തന്നോട് ആലോചിക്കാതെ ഇരുകൈയും നീട്ടി സ്വീകരിച്ചതും കുട്ടനാട്ടിലെ ജോസഫ് ഗ്രൂപ്പ് നേതാവായ ജേക്കബ് എബ്രഹാമിന് കടുത്ത അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്.

കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ പഴയ ജോസഫ് വിഭാഗക്കാരും പുതിയ മാണിക്കാരും തമ്മിലുള്ള ശീതസമരം അതിന്റെ എല്ലാ സീമകളും ലംഘിച്ചുകൊണ്ട് ഉള്‍പ്പാര്‍ട്ടി കലാപമായി മാറിയിരിക്കുകയാണ്. ഇതിനിടെ പുതിയ പാര്‍ട്ടി രൂപീകരിക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് കോട്ടയം ജില്ലയില്‍ ഫ്രാന്‍സിസ് ജോര്‍ജ് പക്ഷത്തെ പ്രമുഖ നേതാവായ വക്കച്ചന്‍ മറ്റത്തിലിന്റെ വീട്ടില്‍ ജോസഫും ഏറ്റവും അടുത്ത അനുയായികളും ചേര്‍ന്നതില്‍ മോന്‍സ് കടുത്ത പ്രതിഷേധം അറിയിച്ചിരിക്കുകയാണ്. തന്നോട് ആലോചിക്കാതെ തന്നെ ഉള്‍പ്പെടുത്താതെ ഇത്തരമൊരു ഗ്രൂപ്പ് യോഗം ജോസഫ് വിളിച്ചു ചേര്‍ത്തതില്‍ മോന്‍സും കലിപ്പിലാണ്. ജോസഫിനുണ്ടായ പ്രതിസന്ധിഘട്ടത്തില്‍ ഏല്ലാം സാമ്പത്തികമായി സര്‍വ്വവിധ സഹായം നല്‍കുകയും കേസിലെ എല്ലാ ഘട്ടത്തിലും കോണ്‍ഗ്രസ് നേതൃത്വത്തെ കൊണ്ട് ഇടപെടല്‍ നടത്തിക്കുകയും ചെയ്ത തന്നോട് പാര്‍ട്ടിനേതൃത്വം കാണിക്കുന്ന അവഗണനയില്‍ യുഡിഎഫ് നേതൃത്വത്തെ തന്റെ പ്രതിഷേധം മോന്‍സ് ജോസഫ് അറിയിച്ചിട്ടുണ്ട്.

പി.ജെ ജോസഫിനൊപ്പം സുഖത്തിലും ദുഃഖത്തിലും ഒരുമിച്ച് നിന്ന തനിക്ക് ഇന്നലെ മാത്രം പാര്‍ട്ടിയില്‍ വന്ന ഫ്രാന്‍സിസ് ജോര്‍ജിന് കിട്ടുന്ന സ്വീകാര്യതയും പരിഗണനയും ലഭിക്കാത്തത് നീതികേടാണെന്നും അദ്ദേഹം പറഞ്ഞുകഴിഞ്ഞു. കോട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സി എഫ് തോമസ് അനുസ്മരണ ചടങ്ങില്‍ മോന്‍സ് പങ്കെടുക്കാതെ വിട്ടു നിന്നത് രൂക്ഷമായ അഭിപ്രായ വ്യത്യാസം കൊണ്ടാണെന്ന് വ്യക്തം. തൊടുപുഴ സീറ്റില്‍ ഇക്കുറി തനിക്ക് പകരം മകന്‍ അപ്പു ജോണ്‍ ജോസഫിനെ മത്സരിപ്പിക്കണമെന്നാണ് ജോസഫിന് ആഗ്രഹം. പക്ഷേ ജോസഫ് മാറിക്കഴിഞ്ഞാല്‍ സീറ്റ് തനിക്ക് വേണമെന്ന് എം ജെ ജേക്കബ് ആവശ്യപ്പെട്ടത് ജോസഫിന് ഉണ്ടാക്കിയ അമര്‍ഷം ചെറുതൊന്നുമല്ല.

ജേക്കബ് വേണമെങ്കില്‍ ജില്ലാ പഞ്ചായത്തില്‍ പോയി മത്സരിച്ചോ എന്നാണ് ജോസഫ് അറിയിച്ചത്. തൊടുപുഴ സീറ്റ് കണ്ടു പനിക്കേണ്ടെന്നും ജോസഫ് മുഖത്തടിച്ച് പറഞ്ഞതായാണ് വിവരം. ഇതില്‍ ദുഃഖിതനായ ജേക്കബ് രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ച് മക്കളോടൊപ്പം താമസിക്കുന്നതിനായി അമേരിക്കയിലേക്ക് പോകുവാന്‍ ശ്രമിക്കുകയാണ് എന്നാണ് വിവരം. കുട്ടനാട് സീറ്റ് മാധ്യമങ്ങളുടെ മുമ്പില്‍ തനിക്ക് ആണെന്ന് പറഞ്ഞ ശേഷം യുഡിഎഫ് യോഗത്തില്‍ തെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കാന്‍ ആവശ്യപ്പെട്ട ജോസഫിന്റെ നിലപാടും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തനിക്കെതിരെ മത്സരിച്ച മാണി വിഭാഗം നേതാവിനെ പാര്‍ട്ടിയില്‍ കൊണ്ടുവരികയും ചെയ്തത് ജേക്കബ് എബ്രഹാമിന് പി.ജെ ജോസഫിനോടുള്ള അകല്‍ച്ച വര്‍ധിപ്പിക്കാന്‍ ഇടയാക്കി. ഇതിനിടെ 14നിയമസഭ സീറ്റാണ് കോണ്‍ഗ്രസ് നേതൃത്വത്തോട് ജോസഫ് ആവശ്യപ്പെടുന്നത്. കോണ്‍ഗ്രസ് നേതൃത്വം മറുപടി നല്‍കിയത് ആറു സീറ്റ് എന്നതും. അതില്‍ ഇരിങ്ങാലക്കുടയും ചങ്ങനാശ്ശേരിയും ഉള്‍പ്പെടുന്നുമില്ല.

നിയമസഭാ തെരഞ്ഞെടുപ്പില്‍ തൊടുപുഴ, കടുത്തുരുത്തി, കുട്ടനാട്, തിരുവല്ല, കോതമംഗലം, തളിപ്പറമ്പ് സീറ്റുകളില്‍ ആരെയൊക്കെ മത്സരിപ്പിക്കും എന്നത് വലിയൊരു പ്രതിസന്ധി ആണെന്ന് ജോസഫിന് അറിയാം. കോതമംഗലം സീറ്റിനെ ചൊല്ലി ഷിബു തെക്കുംപുറവും ഫ്രാന്‍സിസ് ജോര്‍ജും തമ്മില്‍ കലഹം തുടങ്ങി കഴിഞ്ഞു. സീറ്റ് മോഹികളായ ജോണിനെല്ലൂരിനെയും തോമസ് ഉണ്ണിയാടനേയും സജി മഞ്ഞക്കടമ്പനേയും പ്രിന്‍സ് ലൂക്കോസിനേയും എവിടെ അക്കോമൊഡേറ്റ് ചെയ്യും എന്നുള്ളതാണ് ഏറ്റവും വലിയ പ്രതിസന്ധി. ഇനി ഇതെല്ലാം പരിഹരിച്ചാല്‍ പോലും ഏതു ചിഹ്നത്തില്‍ മത്സരിക്കുമെന്നും ഏത് രാഷ്ട്രീയ പാര്‍ട്ടിയുടെ പേരില്‍ മത്സരിക്കും എന്നും യാതൊരു രൂപവും വന്നിട്ടില്ല .

തെരഞ്ഞെടുപ്പ് കേസ് കോടതി വ്യവഹാരങ്ങളില്‍ പെട്ടു നില്‍ക്കുന്നതിനാല്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുവാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ നല്‍കുന്നതിന് നിയമപരമായ ബുദ്ധിമുട്ടുണ്ട്. മറിച്ച് ജോസ് വിഭാഗത്തില്‍ ആകട്ടെ അസംതൃപ്തര്‍ എല്ലാം പാര്‍ട്ടിയില്‍ നിന്ന് പോയി കഴിഞ്ഞതിനാല്‍ പതിവില്‍ കവിഞ്ഞ ഐക്യവും കെട്ടുറപ്പും ഉണ്ടുതാനും. ഇടതു മുന്നണി പ്രവേശനത്തിന് തയ്യാറായിരിക്കുന്ന ജോസ് വിഭാഗത്തിന് രണ്ടു പാര്‍ലമെന്റ് സീറ്റും പന്ത്രണ്ടിലധികം നിയമസഭാ മണ്ഡലങ്ങളുമാണ് ഇടതുമുന്നണി വാഗ്ദാനം നല്‍കിയിരിക്കുന്നത്. ഐക്യ ജനാധിപത്യ മുന്നണിയില്‍ നിന്നും ലഭിക്കുന്ന ആറ് സീറ്റില്‍ ജോസഫ് വിഭാഗത്തിന് രണ്ട് ഇടങ്ങളില്‍ മാത്രമാണ് ശുഭപ്രതീക്ഷ ഉള്ളത്. തളിപ്പറമ്പില്‍ മത്സരം കാഴ്ച വയ്ക്കാന്‍ പോലും അവര്‍ക്ക് കഴിയില്ല. സി എഫ് തോമസ് അന്തരിച്ചതോടെ ചങ്ങനാശ്ശേരിയും. എം.പി ജാക്‌സണ്‍ ശക്തമായി രംഗത്ത് വന്നതോടെ ഇരിങ്ങാലക്കുടയും ഉപേക്ഷിക്കേണ്ടിവരും എന്നുള്ളത് പകല്‍ പോലെ വ്യക്തമായി മാറിയിരിക്കുകയാണ്.

തൊടുപുഴയിലും കടുത്തുരുത്തിയിലും കോതമംഗലത്തും തീപാറുന്ന പോരാട്ടം ആണ് നടക്കാന്‍ പോകുന്നത്. കോതമംഗലത്ത് ആന്റണി ജോണിലൂടെ മണ്ഡലം തിരിച്ചുപിടിച്ച ഇടതുമുന്നണി തികഞ്ഞ ആത്മവിശ്വാസത്തിലാണ്, കടുത്തുരുത്തി മാണി വിഭാഗത്തിന് പാലായെകാള്‍ കൂടുതല്‍ സ്വാധീനമുള്ള മണ്ഡലമാണ്. തൊടുപുഴയില്‍ ദുര്‍ബലനായ സ്ഥാനാര്‍ഥി മത്സരിച്ചത് കൊണ്ടുമാത്രമാണ് ജോസഫിന് മികച്ച ഭൂരിപക്ഷം നേടാനായത്. ഇക്കുറി ചിത്രം മാറുമെന്ന് ജോസഫിന് പോലും അറിയാം. തൊടുപുഴ രാഷ്ട്രീയ പാര്‍ട്ടിയുടെ ശക്തിയുടെ കണക്കനുസരിച്ച് കേവലം അഞ്ചാം സ്ഥാനത്ത് മാത്രമാണ് ജോസഫ് വിഭാഗം. സ്വന്തമായി മണ്ഡലത്തില്‍ ആകെയുള്ളത് കേവലം 15000 വോട്ട് മാത്രം, മാണി വിഭാഗത്തിന് അയ്യായിരത്തിലധികം വോട്ട് ഉണ്ടെന്നുള്ളത് ജോസഫിനും അറിവുള്ള കാര്യമാണ്. തൊടുപുഴയില്‍ യുഡിഎഫ് എല്‍ഡിഎഫ് ബലാബലത്തില്‍ നിലവിലെ വ്യത്യാസം 10000 വോട്ടുകള്‍ മാത്രമാണ് കേരള കോണ്‍ഗ്രസ് പശ്ചാത്തലത്തില്‍ നിന്നും ശക്തനായ ഒരു സ്ഥാനാര്‍ഥി വന്നാല്‍ ജോസഫിന് തോല്‍വി ഉണ്ടാകുമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ കണക്കു കൂട്ടുന്നു.

പുറമേ ജോസ് കെ മാണിയെ വെല്ലുവിളിച്ച് അവഹേളിച്ച് ആക്ഷേപിച്ച് നടക്കുന്നുണ്ടെങ്കിലും ജോസഫിന്റെ ഉള്ളില്‍ തീ ആണ് എന്ന് വ്യക്തം. അഞ്ചോ ആറോ സീറ്റ് കൊണ്ട് സീറ്റ് മോഹത്തില്‍ മാത്രം തന്റെ കൂടെ വന്ന പതിനാലോളം ആളുകളെ എങ്ങനെ തൃപ്തിപ്പെടുത്തും എന്നുള്ളതാണ് അദ്ദേഹത്തിനുള്ള വലിയ വെല്ലുവിളി. പാര്‍ട്ടിയിലെ രണ്ട് പ്രബല ഗ്രൂപ്പുകള്‍ തമ്മിലുള്ള കിടമത്സരവും ചിഹ്നവും പേരും ഇല്ലാതെ കേരളരാഷ്ട്രീയത്തില്‍ പിടിച്ചു നില്‍പ്പ് അസാധ്യമാണെന്ന തോന്നലും തന്റെ പ്രായവും വെല്ലുവിളികള്‍ തന്നെയായിട്ടാണ് ജോസഫ് കാണുന്നത് . എങ്ങനെ ഈ സംഭവവികാസങ്ങളെ അതിജീവിക്കും എന്ന് കാലം തെളിയിക്കണം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നഗരസഭയിലെ കൈയാങ്കളി ; ഇരു വിഭാഗത്തിനെതിരെയും കേസെടുത്ത് പോലീസ്

0
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷത്തിൽ ഇരു വിഭാഗത്തിനെതിരെയും കേസെടുത്ത് പോലീസ്. എൽഡിഎഫ്...

തൃപ്പൂണിത്തുറയ്ക്ക് സമീപം രണ്ട് വാടക വീടുകളിലായി വർഷങ്ങളായി താമസം ; ആറ് ബംഗ്ലാദേശികൾ അറസ്റ്റിൽ

0
എറണാകുളം: തൃപ്പൂണിത്തുറയ്ക്ക് സമീപം എരൂരിൽ അനധികൃതമായി താമസിച്ചിരുന്ന ബംഗ്ലാദേശികളെ പോലീസ് പിടികൂടി....

തെരഞ്ഞെടുപ്പ് തോൽവിയിൽ വിശദ ചർച്ച ; സിപിഎം പോളിറ്റ് ബ്യൂറോ യോ​ഗം ഇന്ന്

0
ദില്ലി: സിപിഎം പോളിറ്റ് ബ്യൂറോ യോ​ഗം ഇന്ന് ദില്ലിയിൽ ചേരും. കേരളം അടക്കം...

അയോധ്യ തിരിമറി കേസ് : കൂടുതൽ അറസ്റ്റിന് സാധ്യത

0
ദില്ലി: അയോധ്യ രാമക്ഷേത്ര സംഭാവന തിരിമറി കേസിൽ ഇതുവരെ എട്ട് പേർ അറസ്റ്റിലായി....