പെരുമ്പാവൂര്‍: മാറമ്പള്ളി സ്വദേശിയായ പ്ലൈവുഡ് വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ നാലുപേരെ കുറുപ്പംപടി പോലീസ് പിടികൂടി. അശമന്നുര്‍ ചിറ്റേത്തുകുടി ഫൈസല്‍ (27), പഴമ്പിള്ളില്‍ അജ്മല്‍ (28), പനിച്ചിയം, മുതുവാശേരി നവാബ് (40), മുതുവാശേരി അഷറഫ് (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഒക്ടോബര്‍ 30ന് വൈകീട്ട് മൂന്നോടെ ചെറുകുന്നം ഭാഗത്ത് വ്യാപാരിയുടെ കാര്‍ തടഞ്ഞുനിര്‍ത്തി തട്ടിക്കൊണ്ടുപോവുകയായിരുന്നു. വണ്ടിയിലുണ്ടായിരുന്ന മൂന്നര ലക്ഷം രൂപ, പ്രമാണങ്ങള്‍ എന്നിവ സംഘം എടുത്തു. ചെക്ക് ലീഫില് ബലമായി നാലര ലക്ഷം രൂപ എഴുതി ഒപ്പിട്ടുവാങ്ങി. പിന്നീട് വ്യാപാരിയെ വല്ലത്തെ ഗോഡൗണില്‍നിന്ന് പോലീസ് കണ്ടെത്തുകയായിരുന്നു.
വ്യാപാരിയെ പിന്തുടര്ന്ന് തട്ടിക്കൊണ്ടുപോകാന്‍ സൗകര്യമൊരുക്കിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. മറ്റുപ്രതികള്‍ക്കായി അന്വേഷണം തുടരുന്നതായി ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക് അറിയിച്ചു. പെരുമ്പാവൂര്‍ ഡിവൈ.എസ്.പി കെ. ബിജുമോന്റെ നേതൃത്വത്തില്‍ പ്രത്യേകസംഘമാണ് അന്വേഷിക്കുന്നത്.