കോന്നി: കോന്നി ജോയിന്റ് ആർ.റ്റി.ഒ ഓഫീസ് നിർമ്മാണ പ്രവർത്തനങ്ങൾ കെ.യു.ജനീഷ് കുമാർ എം.എൽ.എ സന്ദർശിച്ചു. കോന്നി ആനക്കൂട് റോഡിൽ സ്വകാര്യ ഉടമസ്ഥതയിലുള്ള ബി ആൻറ് ബി ബിൽഡിംഗ്സിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളാണ് എം.എൽ.എ സന്ദർശിച്ചു വിലയിരുത്തിയത്.
ഓഫീസിലെ ക്യാബിനുനുകളുടെ നിർമ്മാണമാണ് ഇപ്പോൾ നടക്കുന്നത്. തുടർന്ന് നെറ്റ് വർക്ക് കേബിൾ ഇടുന്ന ജോലികൾ പൂർത്തിയായെങ്കിലെ കമ്പ്യൂട്ടർ വയ്ക്കാൻ കഴിയുകയുള്ളു. കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും എം.എൽ.എ ഇടപെട്ട് ട്രാൻസ്പോർട്ട് കമ്മീഷണറുമായി നടത്തിയ ചർച്ചയെ തുടർന്ന് കെൽട്രോണിൽ നിന്നും അടിയന്തിരമായി വാങ്ങി എത്തിക്കുന്നതിനു തീരുമാനമായിട്ടുണ്ട്. ജനറേറ്റർ വാങ്ങുന്നതിനുള്ള അനുമതിയും ലഭ്യമാക്കിയിട്ടുണ്ട്. ഓഫീസ് തുടങ്ങുന്നതിനാവശ്യമായ ജോ.ആർ.ടി.ഒ, എം.വി.ഐ,
രണ്ട് എ.എം.വി.ഐ, ഒരു ഹെഡ് ക്ലാർക്ക്, രണ്ട് ക്ലർക്ക് തസ്തികകൾ അനുവദിച്ചിട്ടുണ്ട്. കൂടുതൽ തസ്തികകൾ അനുവദിക്കുന്നതിന് ഉടൻ തന്നെ ഗതാഗത മന്ത്രിയെ സന്ദർശിച്ച് ചർച്ച നടത്തും.
ഫെബ്രുവരി 15 നകം നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ എം.എൽ.എ നിർദ്ദേശം നല്കി. തുടർന്ന് ഗതാഗത മന്ത്രിയുടെ തീയതി ലഭിക്കുന്നതനുസരിച്ച് ഫെബ്രുവരിയിൽ തന്നെ ഉദ്ഘാടനം നടത്തും. കോന്നി ഓഫീസിന് കോഡായി കെ.എൽ – 83 അനുവദിച്ചതായും എം.എൽ.എ പറഞ്ഞു. എം.എൽ.എയോടൊപ്പം കോന്നി ജോയിന്റ് ആർ.ടി.ഒ ഗോപകുമാർ, എ.എം.വി.ഐ ബിജു, സി.പി.എം.നേതാക്കളായശ്യാംലാൽ, മലയാലപ്പുഴ മോഹൻ എന്നിവർ ഉണ്ടായിരുന്നു.