തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിക്കിടയില്‍ കേരളത്തിലെത്തുന്ന പ്രവാസികളില്‍ നിന്നും ക്വാറന്‍റൈന് പണം ഈടാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധവുമായി കെ.എം. ഷാജി എംഎല്‍എ.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
പ്രവാസികളുടെ ക്വാറന്‍റൈന്‍ ചെലവ് അവര്‍ വഹിക്കണം എന്നാണല്ലോ ‘കേ മു’ വക പുതിയ ഉത്തരവ്. കേട്ടാല്‍ തോന്നും ഇത് വരെ വന്നവര്‍ക്ക് ഫൈവ് സ്റ്റാര്‍ ഫുഡും സ്യൂട്ടും സൗജന്യമായി കൊടുത്ത് മുടിഞ്ഞതാണെന്ന്!! മരബെഞ്ചില്‍ കിടക്കാനും കമ്യൂണിറ്റി കിച്ചണിലെ കഞ്ഞിയും പയറും കൊടുക്കാനും ഒരു രൂപ ഖജനാവില്‍ നിന്ന് ചെലവായിട്ടില്ല!. അല്ലെങ്കിലും കോവിഡ് ദുരിതത്തില്‍ നിങ്ങള്‍ക്ക് ചെലവെത്ര വരവെത്ര എന്നൊന്ന് പറയുന്നത് നല്ലതാ!!
കമ്മ്യൂണിറ്റി കിച്ചണ്‍ നടത്തുന്നത് പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും സന്നദ്ധ സംഘടനകളും. സിഎച്ച് സെന്‍ററിന്‍റെയും ശിഹാബ് തങ്ങള്‍ ട്രസ്റ്റിന്‍റെയും മറ്റ് സേവന സംഘങ്ങളുടെയും ആംബുലന്‍സുകള്‍. ക്വാറന്‍റൈന്‍ കേന്ദ്രങ്ങള്‍ പല സമുദായ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹായത്താല്‍, മറ്റ് സംസ്ഥാനങ്ങളിലെ മലയാളികളെ നാട്ടിലെത്തിക്കാന്‍ കോണ്‍ഗ്രസ്സ്, കെഎംസിസി പോലുള്ള പ്രസ്ഥാനങ്ങളുടെ വക ബസുകള്‍.
ഗള്‍ഫില്‍ നിന്നും തിരിച്ചു വരാന്‍ പ്രയാസമനുഭവിക്കുന്ന പാവം പ്രവാസികള്‍ക്ക് വിമാനം കയറാന്‍ കെഎംസിസി അടക്കമുള്ള മലയാളി സംഘടനകളുടെ വക ടിക്കറ്റ്. (സി പി എമ്മിനും ഡിഫിക്കും ‘പിണറായി ഡാ’ പോസ്റ്റര്‍ തയ്യാറക്കുന്നതിലുള്ള അദ്ധ്വാനം മറക്കുന്നില്ല.)