ന്യൂ മാഹി : വര്‍ഗീയശക്തികള്‍ക്കെതിരെ ശക്തമായ നടപടി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുമെന്നും ആരോടും വിട്ടുവീഴ്ചയുണ്ടാകില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. വര്‍ഗീയ കലാപനീക്കത്തെ അടിച്ചമര്‍ത്താന്‍ സാധ്യമായ എല്ലാ മാര്‍ഗവും സ്വീകരിക്കും. ഇച്ഛാശക്തിയോടെയുള്ള എല്‍.ഡി.എഫ് നിലപാടിന്റെ ഫലമായാണ് സമാധാനത്തിന്റെ തുരുത്തായി കേരളം നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പുന്നോല്‍ താഴെ വയലില്‍ കൊല്ലപ്പെട്ട ഹരിദാസന്റെ കുടുംബത്തിനുള്ള സഹായ ഫണ്ട് വിതരണം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണന്. സംസ്ഥാനത്തെ കലാപഭൂമിയാക്കാനാണ് ആര്.എസ്.എസും പോപ്പുലര്‍ ഫ്രണ്ടും ശ്രമിക്കുന്നത്. മുസ്ലിം മതവിഭാഗത്തിനെതിരെ യുദ്ധപ്രഖ്യാപനം നടത്തിയ മുന്‍ എം.എല്‍.എയും ആലപ്പുഴ റാലിയില്‍ കുട്ടിയെക്കൊണ്ട് ഹിന്ദു, ക്രിസ്ത്യന്‍ മതവിഭാഗത്തിനെതിരെ വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച പോപ്പുലര്‍ ഫ്രണ്ടും നാടിന്റെ സമാധാനം തകര്‍ക്കാനാണ് ശ്രമിച്ചത്. ഇവര്‍ക്കെതിരെ കടുത്ത നടപടിതന്നെ സ്വീകരിച്ചു. വിദ്വേഷം വളര്‍ത്തുന്ന സാഹചര്യം ആരുടെ ഭാഗത്തുനിന്നായാലും മുളയിലേ നുള്ളണം. കേന്ദ്രത്തില്‍ എട്ട് വര്‍ഷത്തെ ബി.ജെ.പി ഭരണത്തില്‍ വാഗ്ദാനങ്ങളൊന്നും നടപ്പാക്കിയില്ല.
ലോകത്ത് പെട്രോളിനും ഡീസലിനും പാചകവാതകത്തിനും ഏറ്റവും വിലകൂടിയ രാജ്യം ഇന്ത്യയാണ്. ബാബരി മസ്ജിദ് തകര്‍ത്തതുപോലെ കാശിയിലെയും മഥുരയിലെയും പള്ളികള്‍ ലക്ഷ്യംവെക്കുകയാണ്. അപകടകരമായ പോക്കാണിത്. മുസ്ലിം ക്രിസ്ത്യന്‍ വിഭാഗത്തിനുനേരെ കേന്ദ്രസര്‍ക്കാര്‍ സ്പോണ്സര് ചെയ്യുന്ന അക്രമമാണ് രാജ്യമാകെ. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ അധികാരത്തില്‍നിന്ന് പുറത്താക്കാനാകണമെന്നും കോടിയേരി പറഞ്ഞു.
ഹരിദാസന്റെ അമ്മ ചിത്രാംഗിക്ക് 10 ലക്ഷം രൂപയും ഭാര്യ മിനിക്ക് 10 ലക്ഷം രൂപയും ഇളയ മകള്‍ ഹരിനന്ദനക്ക് 15 ലക്ഷം രൂപയും വിവാഹിതയായ മൂത്ത മകള്‍ ചിന്നുവിനും മകള്‍ക്കും അഞ്ച് ലക്ഷം രൂപയുമാണ് നല്‍കിയത്. ബാക്കി തുക വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനും കേസിന്റെ നടത്തിപ്പിനും ഹരിദാസന് സ്മാരക സ്തൂപത്തിന്റെ നിര്‍മാണത്തിനും ഉപയോഗിക്കും. ജില്ല സെക്രട്ടറിയറ്റ് അംഗം കാരായി രാജന് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി എം.വി. ജയരാജന്, എ.എന്‍. ഷംസീര്‍ എം.എല്‍.എ, തലശ്ശേരി ഏരിയ സെക്രട്ടറി സി.കെ. രമേശന്, എം.സി. പവിത്രന്, എ. ശശി എന്നിവര്‍ സംസാരിച്ചു.