കൊടുവള്ളി : നഗരസഭ ഡിവിഷന്‍ 28 കൊടുവള്ളി ഈസ്റ്റ് കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ട യു.ഡി.എഫ് സ്വതന്ത്രന്‍ കെ. ശിവദാസന്റെ അയോഗ്യത ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി.
മുന്നണി സംവിധാനമുള്ള കൊടുവള്ളിയില്‍ കോണ്‍ഗ്രസ് ഔദ്യോഗിക ചിഹ്നത്തില്‍ മത്സരിച്ച സി.എം. ഗോപാലനെതിരെ സ്വതന്ത്ര ചിഹ്നത്തില്‍ യു.ഡി.എഫ് പിന്തുണയോടെ മത്സരിച്ച് ജയിച്ച ശിവദാസനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് എല്‍.ഡി.എഫ് കൗണ്‍സിലര്‍ ഇ.സി. മുഹമ്മദ് നല്‍കിയ പരാതിയില്‍ നേരത്തേ തെരഞ്ഞെടുപ്പ് കമീഷന്‍ ശിവദാസനെ അയോഗ്യനാക്കിയിരുന്നു. ഇതിനെതിരെ ശിവദാസന്‍ ഹൈക്കോടതിയെ സമീപിക്കുകയും ഓണറേറിയം കൈപ്പറ്റാതെയും വോട്ടിങ് അവകാശം ഇല്ലാതെയും കൗണ്‍സിലറായി തുടരാം എന്ന് ഇടക്കാല വിധി സമ്പാദിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ കേസ് വീണ്ടും പരിഗണിച്ച കോടതി തെരഞ്ഞെടുപ്പ് കമ്മീഷന്റെ പഴയ വിധി ശരിവെക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ശിവദാസന്‍ നല്‍കിയ പുനഃപരിശോധന ഹര്‍ജിയിലാണ് അയോഗ്യത പൂര്‍ണമായും നീക്കി കോടതി ഉത്തരവിറക്കിയത്. മുന്നണിച്ചട്ടങ്ങള്‍ക്ക് വിരുദ്ധമായി മത്സരിച്ചു ജയിച്ചു എന്ന വാദി ഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചില്ല. പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കെ.ശിവദാസനെ നഗരസഭ ഡിവിഷന്‍ 34 വാവാട് സെന്‍റര്‍ സ്ഥാനാര്‍ഥിയായി യു.ഡി.എഫ് പ്രഖ്യാപിച്ചു.