തൃശൂര്‍: സ്വഭാവ ദൂഷ്യം തുള്ളിപ്പറഞ്ഞ് യുവതിയെ ആത്മഹത്യയിലേയക്കു തള്ളിവിട്ട കോമരം അറസ്റ്റില്‍. മണലൂരില്‍ ക്ഷേത്രത്തില്‍ ഭക്തരുടെ മുന്നില്‍ വെച്ച് സ്വഭാവദൂഷ്യം ഉണ്ടെന്ന് തുള്ളി പറഞ്ഞ യുവ കോമരം ശ്രീകാന്ത് അറസ്റ്റിലായി. ക്ഷേത്രത്തില്‍ കോമരം തുള്ളുന്നതിനിടെയാണ് യുവതിക്കെതിരെ ഇയാള്‍ ആരോപണം ഉന്നയിച്ചത്.
സുഹൃത്തിന്റെ ആവശ്യപ്രകാരമായിരുന്നു കോമരമായ ശ്രീകാന്ത് യുവതിക്കെതിരെ ആരോപണം ഉന്നയിച്ചതെന്ന് ഇയാള്‍ പോലീസിനോട് കുറ്റസമ്മതം നടത്തി. യുവതിക്ക് സ്വഭാവദൂഷ്യമുണ്ടെന്നും ക്ഷേത്രത്തിലെ ദേവിക്ക് മുന്നില്‍ മാപ്പു പറയണമെന്നുമായിരുന്നു ക്ഷേത്രച്ചടങ്ങിനിടെ ഇയാള്‍ പറഞ്ഞത്.
ഇരുന്നൂറിലധികം പേര്‍ പങ്കെടുത്ത ചടങ്ങില്‍ വെച്ചായിരുന്നു ശ്രീകാന്തിന്റെ ആരോപണം. ഇതുണ്ടാക്കിയ മനോവിഷമത്തില്‍ യുവതി ആത്മഹത്യ ചെയ്തു. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. മരിച്ച യുവതിയുടെ സഹോദരന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്.