കോന്നി : കോന്നി ആനത്താവളത്തിൽ കാലിൽ നീര് വന്ന് അവശ നിലയിയായ പിഞ്ചു എന്ന ആനക്കുട്ടിയെ വനംവകുപ്പ് വെറ്റിനറി വിഭാഗത്തിലെ വിദഗ്ധ ഡോക്ടർമാരുടെ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. വനം മന്ത്രി കെ രാജുവിന്റെ അടിയന്തിര ഇടപെടലിന്റെ ഫലമായാണ് സംഘം എത്തിയത്.
മുൻ വനംവകുപ്പ് വെറ്റിനറി സർജ്ജൻ ഡോ ശശീന്ദ്ര ദേവ്, മെഡിസനൽ വിഭാഗം ഡോ മാധവൻ ഉണ്ണി, സർജ്ജൻ ഡോ ശ്യാം കെ വേണുഗോപാൽ, ഡോ അരുൺ സത്യൻ, ഡോ കിഷോർ എന്നിവരടങ്ങുന്ന വിദഗ്ധ സംഘമാണ് കോന്നി ആനത്താവളത്തിലെത്തി പരിശോധന നടത്തിയത്. ആനക്കുട്ടിയുടെ കാലിലെ സന്ധികൾക്ക് ചെറിയ മാറ്റം സംഭവിച്ചിട്ടുണ്ടെന്നും എന്നാൽ ഇത് ചികിത്സിച്ച് ഭേദമാക്കാവുന്നതേ ഉള്ളുവെന്നും കൃത്യമായ വ്യായാമവും ചികിത്സയും കൊണ്ട് ആഴ്ച്ചകൾക്കുള്ളിൽ തന്നെ ഇത് പരിഹരിക്കുവാൻ സാധിക്കുമെന്നും സംഘം അറിയിച്ചു.
ചികിത്സയുടെ ഭാഗമായി കുളം നിർമ്മിച്ച് ആനയെ ഇതിൽ ഇറക്കി നിർത്തുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നതായി അധികൃതർ അറിയിച്ചു. ഏഴടി താഴ്‌ച്ചയിൽ പന്ത്രണ്ടടി നീളമുള്ള കുളമാണ് നിർമ്മിക്കുന്നത്. ആനക്കുട്ടിക്ക് ഇറങ്ങുന്നതിനുള്ള പാതയും ഇതിനുള്ളിൽ നിർമ്മിക്കുനുണ്ട്. കഴിഞ്ഞ ദിവസം വനം വകുപ്പ് മന്ത്രി കെ രാജു കോന്നി ആനത്താവളത്തിലെത്തി ആനയെ സന്ദർശിച്ച് വിദഗ്ധ ചികിത്സ ഉറപ്പാക്കിയിരുന്നു. ജൻമനാ ഉണ്ടായ കാലിലെ വൈകല്യത്തെ തുടർന്ന് കടുത്ത നീരും വേദനയും ആനക്കുട്ടിയെ സാരമായി ബാധിച്ചിരുന്നു. ഇതിനെ തുടർന്നാണ് വനംവകുപ്പ് ആനകുട്ടിക്ക് വിദഗ്ധ ചികിത്സ ഉറപ്പ് വരുത്തിയിരിക്കുന്നത്.