കോന്നി : കോന്നി ഗവണ്മെന്റ് ഹൈസ്കൂൾ അധ്യാപകൻ പ്രമാടം അഞ്ചനത്തിൽ വീട്ടിൽ അജി കെ എസിന് ജന്മനാട് ഇന്ന് വിട നൽകി. രാവിലെ ഒൻപത് മണിയോടെ കോന്നി ഗവണ്മെന്റ് ഹൈസ്കൂളിൽ മൃതദേഹം പൊതു ദർശനത്തിന് വെച്ചപ്പോൾ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ നിരവധി ആളുകളും വിദ്യാർത്ഥികളും മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിച്ചു. അധ്യാപകരും വിദ്യാർഥികളും അടക്കം നിറകണ്ണുകളോടെ ആണ് പൊതുദർശനത്തിൽ പങ്കെടുത്തത്. തുടർന്ന് എസ് പി സിയുടെ നേതൃത്വത്തിൽ അന്തിമോപചാരം നൽകിയ ശേഷം മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപ യാത്ര പ്രമാടത്തെ വീട്ടിലേക്ക് പുറപ്പെട്ടു. തുടർന്ന് പ്രമാടത്തെ അഞ്ചനം വീട്ടിലും പൊതുദർശനത്തിൽ നിരവധി ആളുകൾ പങ്കെടുത്തു. ഇതിന് ശേഷം സംസ്കാര ചടങ്ങുകൾ നടന്നു.
2000 ൽ കോന്നി അമൃത സ്കൂളിൽ അധ്യാപന ജീവിതം ആരംഭിച്ച അജി കെ എസ് പിന്നീട് ചിറ്റാർ സ്‌കൂളിലും 2009 മുതൽ കോന്നി ഗവണ്മെന്റ് സ്‌കൂളിലും സേവനം അനുഷ്‌ടിച്ച് വരുമ്പോൾ ആയിരുന്നു അന്ത്യം സംഭവിച്ചത്. കോന്നി സ്കൂളിൽ സയൻസ് അധ്യാപകനായി സേവനം അനുഷ്ഠിച്ച ഇദ്ദേഹം വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ഏറെ പ്രിയപെട്ടവൻ ആയിരുന്നു. സ്കൗട്ട് ആൻഡ് ഗെയ്ഡ് അധ്യാപകനായും സേവനം അനുഷ്ഠിച്ചു. സ്കൂൾ ശാസ്ത്ര മേളകൾ, സ്കൂൾ കലോത്സവങ്ങൾ എന്നിവയിൽ പ്രധാന പങ്ക് വഹിച്ചിരുന്നു ഈ അദ്ധ്യാപകൻ. സ്കൂൾ കുട്ടികളെ ശാസ്ത്ര മേളകളിൽ പരിശീലിപ്പിക്കാൻ മലപ്പുറം ജില്ലയിൽ നിന്ന് അടക്കം അധ്യാപകരെ കോന്നിയിൽ എത്തിച്ച് പരിശീലനം നൽകിയിട്ടുണ്ട്. നികത്താനാകാത്ത നഷ്ടമാണ് ഇദ്ദേഹത്തിന്റെ വിയോഗം എന്ന് സുഹൃത്തുക്കളും വിദ്യാർത്ഥികളും പറയുന്നു.