കോന്നി : കോന്നി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ ജില്ലാ പോലീസ് ചീഫ് കെ.ജി. സൈമണ്‍ സന്ദര്‍ശനം നടത്തി. ഉദ്ഘാടനത്തിന്റെ ക്രമീകരണങ്ങള്‍ അഡ്വ.കെ.യു.ജനീഷ് കുമാര്‍ എംഎല്‍എയുമായി പോലീസ് ചീഫ് ചര്‍ച്ച ചെയ്തു. മെഡിക്കല്‍ കോളേജില്‍ പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കാനുള്ള മുറിയുടെ പരിശോധനയും ജില്ലാ പോലീസ് ചീഫ് നടത്തി. സെപ്റ്റംബര്‍ 15ന് എയ്ഡ് പോസ്റ്റ് പ്രവര്‍ത്തനം ആരംഭിക്കും. ഒരു ഓഫീസറുടെ നേതൃത്വത്തില്‍ പോലീസുകാരെ എയ്ഡ് പോസ്റ്റിലേക്ക് നിയോഗിക്കുമെന്നും പോലീസ് ചീഫ് പറഞ്ഞു.
മെഡിക്കല്‍ കോളജിനു സമീപം പോലീസ് സ്റ്റേഷന്‍ ആരംഭിക്കുന്നതിനായി സ്ഥലം അനുവദിച്ചു നല്‍കുന്നതിന് ഇടപെടല്‍ നടത്തണമെന്ന് പോലീസ് ചീഫ് എംഎല്‍എയോട് അഭ്യർത്ഥിച്ചു. സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ആര്‍.ജോസ്, മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. സജിത് കുമാര്‍, എച്ച്എല്‍എല്‍ ചീഫ് പ്രൊജക്ട് മാനേജര്‍ ആര്‍. രതീഷ് കുമാര്‍, നാഗാര്‍ജുന കണ്‍സ്ട്രക്ഷന്‍ കമ്പനി പ്രൊജക്ട് മാനേജര്‍ അജയകുമാര്‍ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.