കോന്നി: നിര്‍മ്മാണ ഉത്ഘാടനം കഴിഞ്ഞ് ഒരു വര്‍ഷമാകാറായിട്ടും കോന്നി മിനി ബൈപാസ് റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയില്ല. 2022 ജൂണ്‍ 12നാണ് കോന്നി മിനി ബൈപാസ് നിര്‍മ്മാണ ഉത്ഘാടനം കോന്നി എം എല്‍ എ കെ യു ജനീഷ് കുമാര്‍ നിര്‍വഹിക്കുന്നത്. ആറ് മാസങ്ങള്‍ ആയിരുന്നു ബൈപാസിന്റെ നിര്‍മ്മാണ കാലാവധി. എന്നാല്‍ നിര്‍മ്മാണ ഉത്ഘാടനം കഴിഞ്ഞ് ഒരു വര്‍ഷം ആയിട്ടും നിര്‍മ്മാണം ആരംഭിച്ചിട്ടില്ല.
മഴക്കാലം ആയതോടെ റോഡിലെകുഴിയില്‍ വെള്ളം കെട്ടി നിന്ന് യാത്രയും ദുരിതത്തിലായി. റീബില്‍ഡ് കേരള ഇന്ഷെറ്റീവ് പദ്ധതി പ്രകാരം മെയ്ന്റനന്‍സ് തുക ഉള്‍പ്പെടെ 2.57 കോടി രൂപക്ക് ഭരണാനുമതി ലഭിച്ച പ്രവര്‍ത്തി ബിജു കണ്‍സ്ട്രക്ഷന്‍ ഏജന്‍സി ആണ് കരാര്‍ ഏറ്റെടുത്തത്. മിനി ബൈപാസിന്റെ ആദ്യ സ്ട്രച്ച് നിലവില്‍ ഉള്ള റോഡ് മുഴുവനായി പൊളിച്ച് നീക്കിയ ശേഷം സിമെന്റ് സ്രെബിലൈസെഷന് ചെയ്ത ശേഷം പതിനഞ്ച് സെന്റിമീറ്റര്‍ ഘനത്തില്‍ സിമെന്റ് ട്രീറ്റെഡ് ക്രഷ്ട് റോഡ് 3.75 മീറ്റര്‍ വീതിയില്‍ ബി എം ബി സി യില്‍ ടാര്‍ ചെയ്യും. രണ്ടാമത്തെ സ്ട്രച്ച് 3.75 മീറ്റര്‍ വീതിയില്‍ ബി എം ബി സി സാങ്കേതിക വിദ്യയില്‍ നിര്‍മ്മിക്കുവാനും കോന്നി ചന്ത ഭാഗത്ത് കൂടി കടന്നുപോകുന്ന മൂന്നാമത്തെ സ്ട്രെച്ച് 3.75 മീറ്റര്‍ വീതിയില്‍ ഉന്നത നിലവാരത്തില്‍ ഉള്ള കോണ്‍ക്രീറ്റ് റോഡ് ആയുമാണ് വിഭാവനം ചെയ്തിരിക്കുന്നത്. നാലും അഞ്ചും സ്ട്രെച്ച് 3.0 മീറ്റര്‍ വീതിയില്‍ കോണ്‍ക്രീറ്റ് റോഡ് ആയും നിര്‍മ്മിക്കുന്നതിനാണ് തീരുമാനിച്ചത്. സുരക്ഷ ബോര്‍ഡുകള്‍,ഐറീഷ് ഓട എന്നിവയും റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി നിര്‍മ്മിക്കും. എന്നാല്‍ നിലവില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഒന്നും തുടക്കമാകാത്തത് വലിയ ആക്ഷേപം ഉയര്‍ത്തുന്നു.