കോന്നി : ഭിന്നശേഷിക്കാരനായ യുവാവിനെ അകാരണമായി ആക്രമിക്കുവാന്‍ ശ്രമിക്കുകയും വീട്ടിലെത്തി മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ കോന്നി പ്രിൻസിപ്പൽ എസ് ഐക്കെതിരെ യുവാവ് ജില്ലാ പോലീസ് മേധാവിക്ക് പരാതി സമർപ്പിച്ചു. കോന്നി മങ്ങാരം പുളിക്കപ്പതാലിൽ വീട്ടിൽ മുഹമ്മദ് അജീസ് ആണ് ഉന്നത പോലീസ് അധികാരികള്‍ക്ക് പരാതി നല്‍കിയത്.
മുഹമ്മദ് അജീസിന്റെ ഉടമസ്ഥതയിലുള്ള ബൈക്ക് കഴിഞ്ഞ കുറച്ച് ദിവസമായി ഇദ്ദേഹത്തിന്റെ സുഹൃത്താണ് ഉപയോഗിച്ച് വന്നിരുന്നത്. കഴിഞ്ഞ 24ന് തിങ്കളാഴ്ച്ച രാത്രി ഈ ബൈക്ക് കോന്നി പോലീസ് കൈകാണിച്ച് നിർത്തുകയും വാഹന ഉടമയുടെ പേരും ഫോൺ നമ്പറും എഴുതി വാങ്ങുകയും ചെയ്തിരുന്നു. തുടർന്ന് അടുത്ത ദിവസം കോന്നി പ്രിൻസിപ്പൽ എസ് ഐ ബാബു കുറുപ്പ് ബൈക്കിന്റെ ഉടമസ്ഥനായ മുഹമ്മദ് അജീസിനെ ഫോണിൽ വിളിച്ച് വിവരങ്ങള്‍ തിരക്കുകയും ശേഷം വീട്ടിൽ എത്തുകയും ചെയ്തിരുന്നു. വാഹനത്തിന്റെ രജിസ്ട്രേഡ് ഓണർ മുഹമ്മദ് അജീസാണെന്ന് പറഞ്ഞ് മർദ്ദിക്കുകയും പിടിച്ച് വലിച്ച് ജീപ്പിൽ കയറ്റാൻ ശ്രമിക്കുകയും ചെയ്തുവെന്നും അജീസ് പരാതിയില്‍ പറയുന്നു.
കുഞ്ഞിനെ കുളിപ്പിച്ചതിന് ശേഷം വീടിനകത്തേക്ക് കയറിപ്പോയ അജീസിന്റെ ഭാര്യയുടെയും അജീസിന്റെയും ഫോട്ടോ അനുവാദമില്ലാതെ എസ് ഐ മൊബൈൽ ക്യാമറയിൽ പകർത്തുകയും ചെയ്തതായി ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതിയിൽ പറയുന്നു. എസ് ഐ യുടെ പരാക്രമത്തെ തുടർന്ന് അഞ്ച് വയസുകാരിയായ മകൾ ഭയന്ന് നിലവിളിക്കുകയും ചെയ്തു. മര്‍ദ്ദനമേറ്റതിനു ശേഷം ശരീരത്തിൽ അസഹ്യമായ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് കോന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെന്നും അജീസ് പറയുന്നു.
ഓൾ കേരള സ്പോർട്സ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ സെക്രട്ടറി കൂടിയാണ് മുഹമ്മദ് അജീസ്. കുറ്റക്കാരനായ പോലീസ് ഉദ്യോഗസ്ഥനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും യുവാവ് പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.