പത്തനംതിട്ട : പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പു കേസില്‍ ദമ്പതികളുടെയും മക്കളുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. നാലു പേരെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. വീഡിയോ കോണ്‍ഫറന്‍സിങ്ങ് വഴിയാണ് നടപടികള്‍. കേരളത്തിലെ അന്വേഷണത്തിന് ഐ.ജി. ഹര്‍ഷിത അട്ടല്ലൂരിയുടെ നേതൃത്വത്തില്‍ 25 അംഗ സംഘത്തെ നിയോഗിച്ചു. കേസില്‍ കൂടുതല്‍ അന്വേഷണത്തിന് ഇന്റര്‍പോളിന്റെ സേവനം തേടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് പത്തനംതിട്ട എസ്.പി.ഓഫീസിലെത്തി റോയി ഡാനിയേലും ഭാര്യ പ്രഭയും കീഴടങ്ങിയത്. രണ്ടാഴ്ച്ചയായി ഇരുവരും ഒളിവിലായിരുന്നു. കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയയിലേക്ക് കടക്കാന്‍ ശ്രമിച്ച മക്കള്‍ പിടിയിലായതോടെയാണ് റോയിയുടേയും പ്രഭയുടെയും കീഴടങ്ങല്‍. വിശ്വാസ വഞ്ചന, സാമ്പത്തിക ക്രമക്കേട് തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തുക. ഇന്നലെ രാത്രി ഏറെ വൈകിയും ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ ഇവരെ ചോദ്യം ചെയ്തിരുന്നു. റോയിയെ അടൂര്‍ ക്വാറന്റീന്‍ കേന്ദ്രത്തിലേക്കും പ്രഭ, റിനു, റിയ എന്നിവരെ പത്തനംതിട്ട വനിത പോലീസ് സ്റ്റേഷനിലേക്കുമാണ് മാറ്റിയത്.
വകയാറിലുള്ള ആസ്ഥാനത്ത് നിന്ന് നിര്‍ണായക രേഖകള്‍ പോലീസിന് ലഭിച്ചു. കഴിഞ്ഞ കുറെ മാസങ്ങളായി നിക്ഷേപകര്‍ക്ക് വിവിധ പേരിലാണ് രേഖകള്‍ നല്‍കുന്നത്. മക്കളുടെ ഭര്‍ത്താക്കന്‍മാരുടെ പേരിലുള്ള സംരഭങ്ങളിലേയ്ക്ക് ഫിനാന്‍സിന്റെ നിക്ഷേപം വകമാറ്റിയിരുന്നു. നിക്ഷേപം സംബന്ധിച്ച വിവരങ്ങള്‍ നികുതി വകുപ്പ് പരിശോധിക്കും.
പോപുലര്‍ ഫിനാന്‍സിന്റെ വകയാറിലെ ആസ്ഥാനത്ത് ഒന്നരദിവസത്തെ പരിശോധനക്കുശേഷം പോലീസ് കെട്ടിടം സീല്‍ ചെയ്തു. റെയ്ഡ് ശനിയാഴ്ച വൈകിട്ടോടെയാണ് പൂര്‍ത്തിയായത്. പരിശോധനയില്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്കുകള്‍, ഇടപാടുകള്‍ സംബന്ധിച്ച രേഖകള്‍, ബോര്‍ഡ് അംഗങ്ങളെ സംബന്ധിച്ച വിവരങ്ങള്‍, ബോര്‍ഡ് യോഗങ്ങളുടെ മിനിറ്റ്സ് തുടങ്ങിയവ പിടിച്ചെടുത്തിട്ടുണ്ട്.