കോന്നി: ജനപ്രതിനിധികള്‍ പങ്കെടുക്കാതെ കോന്നി താലൂക്ക് വികസന സമിതി. പതിനൊന്ന് പഞ്ചായത്തുകള്‍ ഉള്ള കോന്നി താലൂക്കിലെ വികസന സമിതി യോഗത്തില്‍ പങ്കെടുത്തത് മൂന്ന് ജന പ്രതിനിധികള്‍ മാത്രമാണ്. മലയാലപ്പുഴ പഞ്ചായത്ത് പ്രസിഡണ്ട് പ്രീജ പി നായര്‍, തണ്ണിത്തോട് പഞ്ചായത്ത് പ്രസിഡണ്ട് ഷാജി കെ ശാമുവല്‍, ചിറ്റാര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രവികല തുടങ്ങിയവര്‍ മാത്രമാണ് കോന്നി താലൂക്ക് വികസന സമിതിയില്‍ പങ്കെടുത്ത്. കോന്നി എം എല്‍ എ അഡ്വ കെ യു ജനീഷ്‌കുമാറും യോഗത്തില്‍ പങ്കെടുത്തില്ല. കഴിഞ്ഞ വികസന സമിതിയില്‍ പഞ്ചായത്ത് പ്രസിഡണ്ട്മാര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ഈ വികസന സമിതിയില്‍ മറുപടി നല്‍കിയപ്പോള്‍ ചോദ്യം ഉന്നയിച്ച ആള്‍ പോലും ഇല്ലാതെ വികസന സമിതി പ്രഹസനമായി മാറി.
മാത്രമല്ല ജന പ്രതിനിധികളുടെ കുറവ് മൂലം പഞ്ചായത്തിലെ പല വിഷയങ്ങളും യോഗത്തില്‍ എത്തിക്കുവാന്‍ സാധിക്കാതെയും വന്നു. മുന്‍പ് മാസങ്ങളായി ഉന്നയിച്ച വിഷയങ്ങള്‍ തീര്‍പ്പ് കല്‍പ്പിക്കാതെ വികസന സമിതിയില്‍ വീണ്ടും വീണ്ടും ഉന്നയിക്കേണ്ടി വരുന്നത് ലജ്ഞ തോന്നുന്ന തരത്തിലേക്ക് മാറിയിക്കുകയാണെന്നും വികസന സമിതി അംഗങ്ങള്‍ കുറ്റപ്പെടുത്തി. കോന്നി മെഡിക്കല്‍ കോളേജ് ആശുപത്രിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ആയിരുന്നു കോന്നി താലൂക്ക് വികസന സമിതിയില്‍ കൂടുതലായും ഉന്നയിക്കപെട്ടത്. എന്നാല്‍ ഇതിന് മറുപടി നല്‍കുവാന്‍ കോന്നി മെഡിക്കല്‍ കോളേജിലെ ഒറ്റ ഉദ്യോഗസ്ഥര്‍ പോലും യോഗത്തില്‍ പങ്കെടുത്തില്ല.