കോന്നി : കോന്നി താലൂക്ക് ആശുപത്രി കെട്ടിടനിർമ്മാണം മന്ദഗതിയിൽ. കോന്നി താലൂക്ക് ആശുപത്രിയുടെ വികസന പദ്ധതികൾ സമയ ബന്ധിതമായി പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് നിലവിലെ ക്യാഷ്യാലിറ്റി കെട്ടിടത്തിന് മുകളിൽ മൂന്ന് നിലകളുടെ നിർമ്മാണം നടത്തിയത്. 2021 ലാണ് കെട്ടിട നിർമ്മാണം ആരംഭിച്ചത്. കോന്നി താലൂക്ക് ആശുപത്രിയുടെ പത്ത് കോടി രൂപയോളം വരുന്ന വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് കെട്ടിട നിർമാണം നടക്കുന്നത്. കരാർ കാലാവധിക്കുള്ളിൽ കെട്ടിട നിർമ്മാണം പൂർത്തിയാക്കാൻ ആണ് അന്ന് തീരുമാനിച്ചത്. എന്നാൽ നാല് വർഷങ്ങൾ പിന്നിടുമ്പോഴും കെട്ടിട നിർമ്മാണം ഇപ്പോഴും മന്ദഗതിയിലാണ്.
കെട്ടിടത്തിന്റെ ഭിത്തികൾ തേക്കുന്ന ജോലികളും ടൈലിങ്, പെയിന്റിംഗ് ഉൾപ്പെടെ ഉള്ള ജോലികളും ഇനിയും തീരാൻ ഉണ്ട്. മുകൾ നിലകൾ പൂർത്തിയാകുന്നതോടെ നിലവിലെ കെട്ടിടം അഞ്ച് നിലകളായി മാറും. സ്ഥല പരിമിതി മൂലം ബുദ്ധിമുട്ടുന്ന ആശുപത്രിയിൽ നിർമ്മാണം പൂർത്തിയാകുന്ന മുറക്ക് ഓരോ നിലയും പ്രവർത്തന സജ്ജമാക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ നിർമാണം അനന്തമായി നീണ്ടു പോകുന്നതിനാൽ സ്ഥല പരിമിതി മൂലം ബുദ്ധിമുട്ടുകയാണ് ആശുപത്രി ജീവനക്കാരും രോഗികളും. താത്കാലികമായി സജീകരിച്ച മുറികളിൽ ആണ് ഇപ്പോൾ ഡോക്ടർമാർ ചികിൽസിക്കുന്നത്. ഗൈനക്കോളജി വിഭാഗത്തിനായി എൻ എച്ച് എം ഫണ്ടിൽ നിന്നും പുതിയ ലേബർ റൂം നിർമ്മിക്കുവാനും ഓപ്പറേഷൻ തീയേറ്റർ നിർമ്മിക്കുന്നതിനും തീരുമാനിച്ചിരുന്നു.